16 ലക്ഷം വിദ്യാര്‍ത്ഥികളെ അംഗങ്ങളാക്കും; എസ്.എഫ്.ഐ

തിരുവനന്തപുരം: ഈ അധ്യായന വര്‍ഷത്തെ എസ്.എഫ്.ഐ അംഗത്വ വിതരണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. മാനുഷികതയുടെ പക്ഷം ചേരാം അതിജീവനത്തിന്റെ കൈയൊപ്പ് ചാര്‍ത്താം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്.എഫ്.ഐ അംഗത്വ വിതരണ ക്യാമ്പെയിന്‍ നടത്തുന്നത്. കോവിഡ് 19 തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ വീടുകളില്‍ പോയി കണ്ട് അംഗത്വ വിതരണം നടത്തുന്ന രീതിയിലാണ് എസ്.എഫ്.ഐ ക്യാമ്പയ്ന്‍ തീരുമാനിച്ചിരിക്കുന്നത്.

മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് ജില്ലയില്‍ സംഘടിപ്പിച്ചു. നാഷണല്‍ തൈ ക്വോണ്ടോ പുംസെ കായിക താരവും ക്രിസ്ത്യന്‍ കോളേജ് മൂന്നാം വര്‍ഷ മാത്തമറ്റിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനിയുമായ കര്‍ണ്ണികയ്ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയാണ് ഉദ്ഘാടനം നടത്തിയത്. കോഴിക്കോട് നടന്ന പരിപാടിയില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവും തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ പ്രസിഡന്റ് വി.എ വിനീഷും പങ്കെടുത്തു. എസ്.എഫ്.ഐ അംഗത്വ വിതരണ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് എന്നിവര്‍ ആഹ്വാനം ചെയ്തു.

Top