റഷ്യയില്‍ വിമാനം തകര്‍ന്നു വീണ് 16 മരണം

മോസ്‌കോ: മധ്യ റഷ്യയിലെ ടാട്ടര്‍സ്താന്‍ മേഖലയില്‍ വിമാനം തകര്‍ന്ന് 16 പേര്‍ മരിച്ചു. അപകട സമയത്ത് 23 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 16 പേരെയും ജീവനില്ലാതെയാണ് വിമാനത്തിനകത്ത് നിന്ന് പുറത്തെടുത്തത്. രക്ഷപ്പെടുത്തിയ ഏഴുപേരുടെയും നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അപകടത്തില്‍പ്പെട്ടത് പാരച്യൂട്ട് ജംപര്‍മാരാണെന്നാണ് വിവരം. രാവിലെ 9.23 ന് ടാട്ടര്‍സ്താന്‍ പ്രവിശ്യയ്ക്ക് മുകളിലൂടെ സഞ്ചരിക്കവെയാണ് എല്‍-410 റഷ്യന്‍ വിമാനം തകര്‍ന്നുവീണത്. നേരത്തെ സെപ്റ്റംബറിലും റഷ്യയിലെ ഖബറോവക്‌സ് മേഖലയില്‍ ചെറുവിമാനം തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ആറുപേര്‍ മരണപ്പെട്ടിരുന്നു.

റഡാറില്‍ നിന്ന് കാണാതായ വിമാനം പിന്നീട് ഖബറോവക്‌സിലെ സ്‌കൈ റിസോര്‍ട്ടിനു സമീപത്ത് തകര്‍ന്നുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്‍-26 റഷ്യന്‍ വിമാനമായിരുന്നു അന്ന് അപകടത്തില്‍പ്പെട്ടത്.

Top