ജപ്പാനിലെ സ്കീ റിസോർട്ടിന് സമീപം അഗ്നിപർവത സ്ഫോടനം; 16 പേർക്ക് പരുക്ക്

Japan ski resort

ടോക്കിയോ: ജപ്പാനിലെ മധ്യ ഗുൻമ മേഖലയിൽ സ്ഥിതി ചെയ്യുന്ന കുസാറ്റ്സുവിലെ പ്രശസ്തമായ സ്കീ റിസോർട്ടിന് സമീപം അഗ്നിപർവത സ്ഫോടനം. സ്ഫോടനത്തിലും, ഹിമപാതത്തിലും 16 പേർക്കു പരുക്ക്. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. പ്രദേശത്തുനിന്നു നൂറോളം പേരെ ഒഴിപ്പിച്ചു.

കുസാറ്റ്സു-ഷിറൈൻ അഗ്നിപർവതം പൊട്ടിയതിനു പിന്നാലെയാണു ഹിമപാതമുണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുതന്നെയാണോ ഹിമപാതത്തിനു കാരണമായതെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ഈ പ്രദേശത്ത് പരിശീലനത്തിൽ ഏർപ്പെട്ട ആറു ജപ്പാൻ സൈനികരെ ഹിമപാതത്തിൽനിന്നു രക്ഷപ്പെടുത്തിയിരുന്നു.

അതേസമയം, നാലു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഞ്ഞു വീഴ്ചയാണ് ടോക്കിയോയിൽ അനുഭവപ്പെട്ടത്.ടോക്കിയോയിൽ തിങ്കളാഴ്ച 23 സെന്റീമീറ്റർ മ‍ഞ്ഞുവീഴ്ചയുണ്ടായി.ടോക്കിയോയിലെ 23 വാർഡുകളിൽ ജാപ്പനീസ് കാലാവസ്ഥാ ഏജൻസി കനത്ത മഞ്ഞ് വീഴ്ച വർധിക്കാൻ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജാപ്പനീസ് ഗതാഗത മന്ത്രാലയം ജനങ്ങൾ വീടുകളിൽ താമസിക്കണമെന്നും പുറത്തുപോകാതിരിക്കണമെന്നും അടിയന്തിര പ്രഖ്യാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

Top