158 ആരോഗ്യ സ്ഥാപനങ്ങള്‍, 16.69 കോടിയുടെ പദ്ധതി; മന്ത്രി വീണാ ജോര്‍ജ് നാളെ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നാളെ നടക്കും. 126 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍, 21 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം, 5 ജില്ലാ ആശുപത്രികള്‍, 2 ജനറല്‍ ആശുപത്രികള്‍, 2 കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍, ഒരു റീജിയണല്‍ ഫാമിലി വെല്‍ഫെയര്‍ സ്‌റ്റോര്‍ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ രണ്ട് വീതം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടമാണ് നടക്കുന്നത്. ആലപ്പുഴ ചേര്‍ത്തല സൗത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും നാളെ നടക്കും. കോട്ടയം ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ ജെറിയാട്രിക് വാര്‍ഡിനായി നിര്‍മിച്ച 10 കിടക്കകളോട് കൂടി പുതിയ കെട്ടിടം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നിര്‍മിച്ച ജെറിയാട്രിക് വാര്‍ഡ്, പൂഞ്ഞാര്‍ കുടുംബാരോഗ്യ കേന്ദ്രം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളായ വിളക്കുമാടം, മേമുറി, പരിപ്പ്, പെരുമ്പനച്ചി, കുറിച്ചിത്താനം, കാട്ടിക്കുന്ന്, തൃക്കൊടിത്താനം, നീണ്ടൂര്‍, ശാന്തിപുരം എന്നിവയാണ് സജ്ജമാക്കിയത്. കൂടാതെ ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും നാളെ നടക്കും.

Top