ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ ദേശീയപാതയുടെ ഭൂമി ഏറ്റെടുടുപ്പിന് 156 കോടി

കോഴിക്കോട്‌: നിർദിഷ്‌ട കോഴിക്കോട്‌– പാലക്കാട്‌ ഗ്രീൻഫീൽഡ്‌ ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി 156 കോടി രൂപ അനുവദിച്ചു. ജില്ലയിൽ പാത കടന്നുപോകുന്ന പെരുമണ്ണ, ഒളവണ്ണ വില്ലേജിലെ ഭൂവുടമകൾക്ക്‌ വിതരണം ചെയ്യാനുള്ള ആദ്യഘട്ട തുകയാണിത്‌. ദേശീയപാത ലാൻഡ്‌ അക്വിസിഷൻ ഡെപ്യൂട്ടി കലക്ടറുടെയും പ്രോജക്‌ട്‌ ഡയറക്‌ടറുടെയും ജോയിന്റ്‌ അക്കൗണ്ടിൽ നിക്ഷേപിച്ച തുക അടുത്ത ദിവസങ്ങളിൽ ഭൂവുടമകൾക്ക്‌ വിതരണം ചെയ്യും.

ജില്ലയിൽ സ്ഥലമേറ്റെടുപ്പിനായി 600 കോടി രൂപയാണ്‌ ദേശീയപാത അതോറിറ്റിയോട്‌ ആവശ്യപ്പെട്ടത്‌. സ്ഥലം ഏറ്റെടുക്കലിന്‌ മാത്രം 447 കോടി രൂപ വേണം. വിളകളുടേയും കെട്ടിടങ്ങളുടെയും നഷ്‌ടപരിഹാരത്തിന്‌ ഉൾപ്പെടെയാണ്‌ 600 കോടി. ജില്ലയിൽ 6.6 കിലോമീറ്റർ പാതയ്‌ക്കായി 28.27 ഹെക്‌ടറാണ്‌ ഏറ്റെടുക്കേണ്ടത്‌. ഇതിൽ 1.5 ഹെക്‌‌ടർ സർക്കാർ ഭൂമിയാണ്‌. 26.8 ഹെക്‌ടറാണ്‌ സ്വകാര്യ ഭൂമി. ലാൻഡ്‌ അക്വിസിഷൻ വിഭാഗം ഭൂമിയുടെ തുക കണക്കാക്കിയത്‌ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ചിരുന്നില്ല. തുക അധികമാണെന്നായിരുന്നു കണ്ടെത്തൽ.

തുടർന്ന്‌ വില നിശ്ചയിച്ചതിലെ മാനദണ്ഡം പരിശോധിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കമ്മിറ്റി റിപ്പോർട്ടനുസരിച്ച് വില പുതുക്കി ദേശീയപാത അതോറിറ്റിക്ക്‌ സമർപ്പിക്കുകയായിരുന്നു. ഇതിനെ ചോദ്യംചെയ്‌ത്‌ ചില ഭൂവുടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌. പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലൂടെ കടന്നുപോകുന്നതാണ്‌ 122 കിലോമീറ്റർ ഗ്രീൻഫീൽഡ്‌ പാത. പാലക്കാട് മരുത റോഡിൽ തുടങ്ങി കോഴിക്കോട്‌ പന്തീരാങ്കാവിനടുത്ത്‌ ദേശീയപാത 66ൽ അവസാനിക്കും.

വീട്‌ നഷ്‌ടപ്പെട്ടവർക്കാണ്‌ ആദ്യഘട്ടത്തിൽ തുക നൽകുകയെന്ന്‌ ലാൻഡ്‌ അക്വിസിഷൻ ഡെപ്യൂട്ടി കലക്‌ടർ പി എസ്‌ ലാൽചന്ദ്‌ പറഞ്ഞു. പലരും വാടക വീടുകളിലേക്ക്‌ മാറിയിട്ടുണ്ട്‌. പുതിയ വീട്‌ കണ്ടെത്താനും പ്രായസമാണ്‌. ഉടമകളുടെ ബാങ്ക്‌ അക്കൗണ്ടുകളിലേക്കാണ്‌ പണം കൈമാറുക.

Top