സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ 155 അധിക എംബിബിഎസ് സീറ്റുകള്‍ക്ക് അനുമതി

തിരുവന്തപുരം:ഈ അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ 155 അധിക എംബിബിഎസ് സീറ്റുകള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് അധിക സീറ്റുകള്‍.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം അധിക സംവരണം ഉറപ്പാക്കാന്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകള്‍ മെഡിക്കല്‍ കൗണ്‍സിലിനു അപേക്ഷ സമര്‍പ്പിച്ചിരുന്നു. 250 ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കിട്ടിയത് 155 എണ്ണം മാത്രമാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകള്‍ക്ക് മാത്രമാണ് അധിക സീറ്റ് അനുമതിയെന്ന് മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.

സീറ്റ് വര്‍ധിപ്പിച്ചതോടെ നേരത്തെ 200 സീറ്റുകളുണ്ടായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 50 അധിക സീറ്റ് കൂടി ലഭിക്കും. ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ മെഡിക്കല്‍ കോളെജുകളില്‍ 25 അധിക സീറ്റാണ് ലഭിച്ചത്. എറണാകുളം, മഞ്ചേരി,പാരിപ്പള്ളി മെഡിക്കല്‍ കോളേജുകളില്‍ 10 അധിക സീറ്റ് മാത്രമാണ്‌ ലഭിച്ചത്.

അതേസമയം ഇടുക്കി,പാലക്കാട് മെഡിക്കല്‍ കോളെജുകളില്‍ അധിക സീറ്റ് ലഭിച്ചില്ല.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 250 സീറ്റുള്ളതിനാല്‍ അധിക സീറ്റ് ലഭിക്കില്ല. ഇതോടെ ഈ വര്‍ഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ എംബിബിഎസ് സീറ്റുകള്ളുടെ എണ്ണം 1455 ആയി വര്‍ധിച്ചു.

Top