പേമാരി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വെള്ളത്തിനടിയില്‍; ബിഹാറില്‍ 150പേര്‍ മരിച്ചു

ന്യൂഡല്‍ഹി പേമാരിയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബിഹാറും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും വലയുന്നു. അസമിലും ബിഹാറിലുമായി പേമാരിയില്‍ മരിച്ചവരുടെ എണ്ണം 150 ആയി. ഏകദേശം 1.15 കോടിയിലേറെപ്പേരെ പ്രളയം ബാധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

വെള്ളിയാഴ്ച മഴയ്ക്ക് നേരിയ ശമനം ഉണ്ടായി. കനത്ത മഴയില്‍ ബിഹാറില്‍ മാത്രം ഇതുവരെ 92 പേര്‍ മരിച്ചു. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. 12 ജില്ലകളില്‍നിന്നുള്ള ഏകദേശം 66.76 ലക്ഷം ആളുകളെ പ്രളയം ബാധിച്ചതായി സംസ്ഥാന ദുരന്ത നിയന്ത്രണ വകുപ്പ് അറിയിച്ചു. സീതാമഢിയിലാണ് മിന്നല്‍പ്രളയം ഏറ്റവുമധികം നാശംവിതച്ചത്.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.

അസമില്‍ വെള്ളിയാഴ്ച മാത്രം 11 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 47 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് 48.87 പേരെ പ്രളയം ബാധിച്ചു. 1.79 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയും കാശിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനവും വെള്ളത്തിനടിയിലാണിപ്പോഴും.

Top