റാഗിങ്: ഉത്തര്‍പ്രദേശില്‍ നൂറിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ മൊട്ടയടിപ്പിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സയ്ഫായിലുള്ള യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സില്‍ റാഗിങ് അതിര് വിട്ടു. നൂറിലധികം ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ബലം പ്രയോഗിച്ച് തല മൊട്ടയടിപ്പിച്ച് തൊഴാന്‍ നിര്‍ബന്ധിച്ചതായാണ് പരാതി.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ള വസ്ത്രമിട്ട ഒരു കൂട്ടം വിദ്യാര്‍ഥികള്‍ വരിയായി നടന്ന് പോകുന്നു.ഇവരുടെ തല മൊട്ടയടിച്ചിട്ടുണ്ട്. കുറച്ച് കഴിഞ്ഞ് ഇവര്‍ ജോഗിംഗ് ചെയ്ത് മുതിര്‍ന്ന വിദ്യാര്‍ഥികളെ പോയി വണങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്.

‘ഇത്തരം നടപടികള്‍ വെച്ചുപൊറുപ്പിക്കില്ല. സംഭവം അന്വേഷിച്ച് വരികയാണ്, റാഗിങ് വിരുദ്ധ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുക. ഏത് വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം സംഭവങ്ങളെ സംബന്ധിച്ച് പരാതി നല്‍കാവുന്നതാണെന്നും വൈസ് ചാന്‍സലര്‍ ഡോ.രാജ്കുമാര്‍ പറഞ്ഞു.ക്യാമ്പസിലെ റാഗിങ് പരിശോധിക്കാന്‍ പ്രത്യേക സംഘമുണ്ടെന്നും സമാനമായ സംഭവത്തില്‍ നേരത്തെ നിരവധിപേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top