സ്‌കൂളിൽ നടത്തിയ വൈദ്യപരിശോധനയിൽ 15 വയസുകാരി എട്ടുമാസം ഗർഭിണി; കാമുകൻ അറസ്റ്റിൽ

പനാജി: സ്‌കൂളിൽ നടത്തിയ വൈദ്യപരിശോധനയിൽ 15 വയസുകാരി എട്ടുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെതിരെ ബലാത്സംഗത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. ​ഗോവയിലാണ് സംഭവം. ബന്ധം ആരംഭിക്കുമ്പോൾ ആൺകുട്ടിക്കും പ്രായപൂർത്തിയായിട്ടുണ്ടായിരുന്നില്ല. എന്നാൽ അടുത്തിടെ കാമുകന് 18 വയസ്സ് തികഞ്ഞതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയും ആൺകുട്ടിയും വടക്കൻ ഗോവയിലെ സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിയും ആൺകുട്ടിയും ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്നതായും വോളിബോൾ കളിക്കുന്നതിനിടെ സുഹൃത്തുക്കളായതായും പൊലീസ് പറഞ്ഞു. ഗെയിമിന് ശേഷം ഇരുവരും ജനറേറ്റർ റൂമിൽ സ്വാകാര്യ നിമിഷങ്ങൾ പങ്കിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. പെൺകുട്ടി അമ്മയോടൊപ്പവും ആൺകുട്ടി പിതാവിനൊപ്പവുമാണ് താമസിച്ചിരുന്നത്. പെൺകുട്ടിയുടെ അച്ഛൻ 15 ദിവസത്തിലൊരിക്കൽ മകളെ കാണാൻ എത്തും.

സ്‌കൂളിലെ മെഡിക്കൽ ക്യാമ്പിനിടെ പെൺകുട്ടിയുടെ ഗർഭാവസ്ഥ ഡോക്ടർമാർ കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട അധ്യാപിക ഉടൻ തന്നെ പെൺകുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ബോസ്യൂട്ട് സിൽവ പറഞ്ഞു. പിന്നീട് ഡോക്ടർമാർ പെൺകുട്ടിയെ ഗൈനക്കോളജിസ്റ്റിനെ റഫർ ചെയ്തു. പെൺകുട്ടി എട്ടുമാസം ഗർഭിണിയാണെന്നും അടുത്ത മാസം പ്രസവിക്കുമെന്നും ഡോക്ടർ സ്ഥിരീകരിച്ചു. അടുപ്പത്തിലാകുമ്പോൾ ആൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതായി പൊലീസ് പറഞ്ഞു. ആൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സായതിനാൽ ശിശുഭവനിൽ പാർപ്പിക്കാൻ കഴിയാത്തതിനാൽ പിതാവിനൊപ്പം വിട്ടു.

Top