മുംബൈയില്‍ ലോക്കല്‍ ട്രെയിനുകള്‍ 15 മുതല്‍; രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രം യാത്രാനുമതി

മുംബൈ: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച മുംബൈയിലെ സബര്‍ബന്‍ ട്രെയിന്‍ ശൃംഖല ആഗസ്ത് 15 മുതല്‍ തുറക്കുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. രണ്ടാമത്തെ ഡോസ് വാക്‌സിനെടുത്ത് 14 ദിവസം കഴിയണമെന്നും വ്യവസ്ഥയുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.

‘കൊവിഡ് നിയന്ത്രണങ്ങളില്‍ ഞങ്ങള്‍ ഇപ്പോള്‍ ചില ഇളവുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍, ജനങ്ങള്‍ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. കേസുകള്‍ ഉയര്‍ന്നാല്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരും. അതിനാല്‍, മറ്റൊരു തരംഗത്തെ ക്ഷണിച്ചുവരുത്തരുതെന്ന് അഭ്യര്‍ഥിക്കുന്നു’ ഉദ്ധവ് താക്കറെ ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.

വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കും. ഓണ്‍ലൈന്‍ വഴിയോ, സബര്‍ബന്‍ റെയില്‍വെ സ്‌റ്റേഷനുകള്‍ വഴിയോ ടിക്കറ്റുകള്‍ ലഭിക്കുമെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി. മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ അവശ്യസേവനങ്ങള്‍ നടത്തുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.

Top