15 ലക്ഷത്തിന്റെ കാറില്‍ ചാണകം മെഴുകി യുവതി; കൂടെ ശാസ്ത്രീയ വിശദീകരണവും

ഗുജറാത്ത്; പതിനഞ്ച് ലക്ഷത്തിന് മേലെ വിലയുള്ള ടൊയോട്ടോ കൊറോളയില്‍ ചാണകം മെഴുകി ഗുജറാത്തി സ്വദേശി. അടുത്തിടെ സമൂഹ മാദ്ധ്യമങ്ങളില്‍ ഏറെ വൈറലായ ചിത്രമായിരുന്നു ചാണകം മെഴുകിയ ഈ കാറിന്റേത്.

ഇപ്പോള്‍ ഈ കാറിന്റെ ഉടമയുടെ വീഡിയോ ഇന്റര്‍വ്യൂ പുറത്തു വന്നിരിക്കുകയാണ്. സിജല്‍ ഷാ എന്ന യുവതിയാണ് ചാണകം തേച്ച കാറിന് പിന്നില്‍. വെറും ചാണകം മാത്രമല്ല തന്റെ കാറില്‍ പൂശുവാന്‍ സിജല്‍ ഉപയോഗിച്ചിരിക്കുന്നത്. ചാണകത്തില്‍ ചുവന്ന മണ്ണും ചേര്‍ത്തുണ്ടാക്കിയ മിശ്രിതമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഈ ചാണക പ്രയോഗം എന്തിനെന്ന ചോദ്യത്തിന് കാറില്‍ ചാണക മിശ്രിതം ഉപയോഗിച്ചതോടെ വാഹനം തണുപ്പിക്കാനാവുന്നുണ്ടെന്നായിരുന്നു യുവതിയുടെ മറുപടി. വാഹനത്തിനുള്ളിലെ ചൂട് ഗണ്യമായി കുറയ്ക്കുവാനായെന്നും, പ്രകൃതി സംരക്ഷണത്തിന് തന്റേതായ ഒരു എളിയ സംഭാവനയായി ഇത് കാണക്കാക്കിയാല്‍ മതിയെന്നുമാണ് യുവതി പറയുന്നത്. കാറില്‍ മാത്രമല്ല തന്റെ വീടിന്റെ ചുവരുകളിലും റൂമിനുള്ളിലും ചാണകം ഉപയോഗിക്കുന്നതിലൂടെ ചൂട് കുറയ്ക്കാനായിട്ടുണ്ടെന്നും സിജല്‍ അഭിപ്രായപ്പെടുന്നു.

ഗോവധം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗോ സംരക്ഷകരുടെ പ്രസ്താവാനകള്‍ ഉത്തരേന്ത്യയില്‍ അനുദിനം ഉയരുന്ന കാലഘട്ടമാണിത്. പശുവിന്റെ മൂത്രവും,ചാണകത്തിനും പല ഉപയോഗങ്ങളുമുണ്ടെന്ന് സ്ഥാപിച്ചെടുക്കാനാണ് പലരുടെയും നീക്കം. അതിനിടെയാണ് ചാണകം പൂശിയാല്‍ കാറിലെ ചൂട് കുറയുമെന്ന കണ്ടു പിടുത്തവുമായി ഈ യുവതി എത്തിയിരിക്കുന്നത്.

Top