ചികിത്സക്കെത്തിയ സ്ത്രീക്ക് കോവിഡ്, പതിനഞ്ചോളം ജീവനക്കാര്‍ ക്വാറന്റീനില്‍

കൊച്ചി: കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലെ പതിനഞ്ചോളം ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ഇവിടെ രണ്ട് ദിവസം മുന്‍പ് ചികിത്സയ്ക്ക് എത്തിയ സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന നടപടി ആരോഗ്യ വകുപ്പ് ആരംഭിച്ചു.

കോവിഡ് സ്ഥിരീകരിച്ച രോഗിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കടവന്ത്രയിലെ ഫ്ലാറ്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയെല്ലാം ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിതരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും കര്‍ശന കര്‍ശന നടപടി സ്വീകരിച്ച് തുടങ്ങി. നഗരത്തില്‍ പൊലീസ് പരിശോധന ശക്തമാക്കി.

കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ച് എറണാകുളം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലാ ആശുപത്രിയിലെ 72 ജീവനക്കാരെ ക്വാറന്റീനില്‍ ആക്കുകയും ഇവര്‍ ആദ്യം ചികിത്സ തേടിയ ചെല്ലാനത്തെ ക്വാര്‍ട്ടിന ആശുപത്രി അടച്ചിടുകയും ചെയ്തിരുന്നു.

ജില്ലയില്‍ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്നെത്തുന്ന എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധനകള്‍ നടത്തും. ഇതിനായി വിമാനത്താവളത്തില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ജില്ലയില്‍ പരിശോധനകളും നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.

Top