9 മിനിട്ടില്‍ മ്യൂസിയത്തില്‍ നിന്ന് 15 കോടിയുടെ സ്വര്‍ണനാണയങ്ങള്‍ കവര്‍ന്നു; കള്ളന്മാര്‍ പിടിയില്‍

മാന്‍ചിംഗ്: ജര്‍മനിയില്‍ വെറും ഒന്‍പത് മിനിട്ടില്‍ മ്യൂസിയത്തില്‍ നിന്ന് 15 കോടിയുടെ പുരാതന സ്വര്‍ണനാണയങ്ങള്‍ മോഷ്ടിച്ച കള്ളന്‍മാര്‍ പിടിയില്‍. നാല് പേരെയാണ് ജര്‍മനിയില്‍ അറസ്റ്റ് ചെയ്തത്. നവംബര്‍ മാസത്തിലാണ് മാന്‍ചിംഗിലെ റോമന്‍ മ്യൂസിയത്തില്‍ നിന്ന് 483 പുരാതന സ്വര്‍ണ നാണയങ്ങള്‍ കളവ് പോയത്. 100 ബിസിയിലേതെന്ന് വിലയിരുത്തിയ നാണയങ്ങള്‍ 1999ല്‍ നടന്ന ഒരു ഖനനത്തിന് ഇടയിലാണ് കണ്ടെത്തിയത്.

വളരെ ആസൂത്രണത്തോടെ സംഘടിതമായി പരിശീലനം ലഭിച്ച മോഷ്ടാക്കളാണ് കളവിന് പിന്നിലെന്ന് അന്വേഷണ സംഘം നേരത്തെ വിശദമാക്കിയിരുന്നു. നവംബര്‍ 22 ന് ഒരു അപായ സൈറണ്‍ പോലും പ്രവര്‍ത്തിക്കാത്ത തരത്തില്‍ വെറും ഒന്‍പത് മിനിറ്റിലായിരുന്നു മോഷ്ടാക്കള്‍ മ്യൂസിയത്തിനുള്ളില്‍ കടന്നതും പുറത്ത് കടന്നതും. ജര്‍മനിയിലെ ഷെവറിന്‍ മേഖലയില്‍ നടത്തിയ തെരച്ചിലിലാണ് ചൊവ്വാഴ്ച മോഷ്ടാക്കള്‍ പിടിയിലായത്. കനത്ത സുരക്ഷയിലായിരുന്നു സ്വര്‍ണ നാണയങ്ങള്‍ സൂക്ഷിച്ചിരുന്നത്. മ്യൂസിയത്തിന് സമീപത്തെ ടെലികോം ഹബ്ബിലെ കേബിളുകള്‍ മുറിച്ച് ആശയ വിനിമയ സംവിധാനം തകരാറിലാക്കിയ ശേഷമായിരുന്നു മോഷണം.

മാന്‍ചിംഗിന് സമീപത്ത് നടന്ന ഖനനത്തില്‍ സ്വര്‍ണനാണയങ്ങളും സ്വര്‍ണക്കട്ടിയുമാണ് കണ്ടെത്തിയത്. ഇവരില്‍ നിന്ന് കൊള്ളമുതല് കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. 2006 മുതലാണ് ഈ നാണയങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചത്. 2017ല്‍ ബെര്‍ലിനിലെ മ്യൂസിയത്തിലും സമാനമായ രീതിയിലുള്ള മോഷണം നടന്നിരുന്നു. 100 കിലോ സ്വര്‍ണ നാണയമാണ് മോഷ്ടാക്കള്‍ ബെര്‍ലിന്‍ മ്യൂസിയത്തില്‍ നിന്ന് കവര്‍ന്നത്. രണ്ട് വര്‍ഷത്തിന് പിന്നാലെ ഡ്രെഡ്‌സണ്‍ ഗ്രീന്‍ വാള്‍ട്ട് മ്യൂസിയത്തില്‍ നിന്ന് 21 സ്വര്‍ണ ആഭരണങ്ങളും മോഷണം പോയിരുന്നു.

Top