ഐപിഎല്‍ 14-ാം സീസണിന് നാളെ വീണ്ടും തിരി തെളിയും

ദുബായ്: കോവിഡ് വ്യാപനം മൂലം പ്രതിസന്ധി നേരിട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 14-ാം സീസണിന് നാളെ വീണ്ടും തിരി തെളിയും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം.

പോയിന്റ് പട്ടികയില്‍ എട്ട് കളികളില്‍ നിന്ന് ആറ് ജയവുമായി 12 പോയിന്റോടെ ഡല്‍ഹി ക്യാപിറ്റല്‍സാണ് ഒന്നാമത്. പത്ത് വീതം പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിങ്സും, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്താണ്. മലയാളം താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് മുംബൈക്ക് പിന്നില്‍.

റണ്‍ വേട്ടക്കാരില്‍ മുന്‍പന്തിയില്‍ ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ്. 380 റണ്‍സുമായി ശിഖര്‍ ധവാനാണ് പട്ടികയില്‍ ഒന്നാമത്. കെ.എല്‍. രാഹുല്‍ (331), ഫാഫ് ഡുപ്ലസി (320), പ‍ൃഥ്വി ഷാ (308), സഞ്ജു സാംസണ്‍ (277) എന്നിവരാണ് പിന്നില്‍. ബോളര്‍മാരില്‍ 17 വിക്കറ്റുമായി ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേലാണ് മുന്‍പന്തിയില്‍. ആവേശ് ഖാന്‍ (14), ക്രിസ് മോറിസ് (14), രാഹുല്‍ ചഹര്‍ (11), റഷീദ് ഖാന്‍ (10) എന്നിവരും പട്ടികയില്‍ ഉണ്ട്.

2021 മേയ് മാസം ആദ്യ വാരമാണ് ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ടത്തില്‍ കളിക്കാരില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നാണ് ടൂര്‍ണമെന്റ് താത്കാലികമായി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്ത്യക്ക് (ബിസിസിഐ) നിര്‍ത്തി വയ്ക്കേണ്ടി വന്നതും പിന്നീട് യുഎഇയിലേക്ക് മാറ്റിയതും. 31 മത്സരങ്ങള്‍ ശേഷിക്കെയായിരുന്നു കോവിഡ് വ്യാപനം ഉണ്ടായത്.

Top