14 -ാമത് IDSFFK 26 ന് കൊടിയേറും; റീന മോഹന് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ആഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന രാജ്യാന്തര, ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ (IDSFFK) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 26ന് വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററില്‍ സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ഡോക്യുമെന്‍ററി സംവിധായികയും എഡിറ്ററുമായ റീന മോഹന് മുഖ്യമന്ത്രി സമ്മാനിക്കും.

ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രമായ മരിയുപോളിസ് 2 പ്രദര്‍ശിപ്പിക്കും. ഉക്രൈന്‍ യുദ്ധത്തിന്റെ സംഘര്‍ഷഭരിതമായ കാഴ്ചകള്‍ പകര്‍ത്തുന്ന ഈ ചിത്രം ലിത്വാനിയ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. സംവിധായകനായ മന്‍താസ് ക്വൊരാവിഷ്യസ് ഈ സിനിമയുടെ ചിത്രീകരണത്തിനിടെ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. മരിയുപോള്‍ എന്ന യുദ്ധകലുഷിതമായ ഉക്രൈന്‍ നഗരത്തിലെ ജനജീവിതത്തിന്‍െറ ദുരിതവും സഹനങ്ങളും വരച്ചുകാട്ടുന്ന ഈ ചിത്രത്തിന് 112 മിനിറ്റ് ദൈര്‍ഘ്യമുണ്ട്.

 

Top