ശബരിമലയില്‍ തുടരുന്ന നിരോധനാജ്ഞ ഈ മാസം 22 വരെ നീട്ടി

പത്തനംതിട്ട : ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 22 വരെ നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് മുന്‍കരുതലായി നിരോധനാജ്ഞ തുടരാമെന്ന് ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കി.

ജില്ലാ പൊലീസ് മേധാവിയുടേയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.

നിരോധനാജ്ഞ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് നാല് ദിവസത്തേക്കുകൂടി നീട്ടിയത്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Top