സംഘര്‍ഷത്തിന് അയവില്ല : പാലക്കാടും മഞ്ചേശ്വരം താലൂക്കിലും നിരോധനാജ്ഞ

പാലക്കാട്: പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശബരിമല കര്‍മ്മസമിതി ഹര്‍ത്താലിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിന് അയവ് വരാതായതോടെയാണ് പാലക്കാട് നഗരസഭ പരിധിയില്‍ 144 പ്രഖ്യാപിച്ചത്. നാളെ വൈകിട്ട് 6 വരെയാണ് നിരോധനാജ്ഞ.

ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയും കലക്ടര്‍ ഡി. ബാലമുരളിയും ചര്‍ച്ച നടത്തിയ ശേഷമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പാലക്കാട് വിക്ടോറിയ കോളേജിന് മുന്നില്‍ പൊലീസും പ്രകടനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി, സിപിഐ ജില്ലാ കമ്മറ്റി ഓഫിസ് തകര്‍ത്തു. ഓഫിസിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും തകര്‍ത്തു. സിപഎം ജില്ലാ കമ്മറ്റി ഓഫിസ് ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ചതോടെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടി. വിക്ടോറിയ കോളജിന്റെ കമാനത്തില്‍ കാവിക്കൊടി കെട്ടി.

ഒറ്റപ്പാലത്ത് നടന്ന സംഘര്‍ഷത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. പാലക്കാട് വെണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല തീവെച്ചു നശിപ്പിച്ചു. പാലക്കാട് മരുതറോഡ് പഞ്ചായത്ത് ഓഫീസിനും പുറത്ത് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിനും നേരെ കല്ലേറുണ്ടായിരുന്നു.

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലും ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണു നടപടി. മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹര്‍ത്താലിനിടെ അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു. വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 745 പേര്‍ അറസ്റ്റിലായി. 559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, 628 പേരെ കരുതല്‍ തടങ്കലില്‍ എടുത്തു.

Top