ഐഒസിയുടെ 141-ാമത് സെഷന്‍ മുംബൈയില്‍

മുംബൈ : ഐഒസിയുടെ 141-ാമത് സെഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ 15, 16, 17 തീയതികളില്‍ മുംബൈയില്‍ നടക്കും. 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയത്വം ഇന്ത്യ വഹിക്കുന്നത്. സെഷനു മുന്നോടിയായി ഒക്ടോബര്‍ 12, 13 തീയതികളില്‍ ഐഒസി എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം ചേരും. ഐഒസി സെഷന്റെ ഉദ്ഘാടന ചടങ്ങ് ഒക്ടോബര്‍ 14 ന് നടക്കും. മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററിലാണ് സെഷന്‍ നടക്കുന്നത്.

’40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒളിമ്പിക്‌സ് മൂവ്‌മെന്റ് ഇന്ത്യയില്‍ തിരിച്ചെത്തി. 2023-ല്‍ മുംബൈയില്‍ ഐഒസി സെഷന്‍ സംഘടിപ്പിക്കാനുള്ള ബഹുമതി ഇന്ത്യയെ ഏല്‍പ്പിച്ചതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയോട് ഞാന്‍ നന്ദി പറയുന്നു,’ നിത അംബാനി പറഞ്ഞു.

2022 ഫെബ്രുവരിയില്‍ ബെയ്ജിങ്ങില്‍ നടന്ന 139-ാമത് ഐഒസി സെഷനിലാണ് 141-ാമത് ഐഒസി സെഷന്‍ ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചത്. ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, ഐഒസി അംഗം നിത അംബാനി, ഐഒഎ പ്രസിഡന്റ് നരീന്ദര്‍ ബത്ര, കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ ഇന്ത്യയുടെ ഹോസ്റ്റിംഗ് അവകാശങ്ങള്‍ക്കുള്ള നിര്‍ദ്ദേശം അവതരിപ്പിച്ചത്. 75 അംഗങ്ങള്‍ മുംബൈയെ അനുകൂലിച്ചപ്പോള്‍ ഒരാള്‍ മാത്രം എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് ഇന്ത്യ ബിഡ് നേടിയത്.2028-ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സിനുള്ള സ്‌പോര്‍ട്‌സ് പ്രോഗ്രാമിന്റെ അവസാന പ്രഖ്യാപനം സെഷനില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ക്രിക്കറ്റ്, ബ്രേക്ക്-ഡാന്‍സ് , ബേസ്ബോള്‍/സോഫ്റ്റ്ബോള്‍, ഫ്ളാഗ് ഫുട്ബോള്‍, കരാട്ടെ, കിക്ക്ബോക്സിംഗ്, സ്‌ക്വാഷ്, മോട്ടോര്‍സ്പോര്‍ട്ട് എന്നീ സ്പോര്‍ട്സ് ഇനങ്ങള്‍ പ്രോഗ്രാമില്‍ ചേര്‍ക്കപ്പെടാനിടയുണ്ട്.

 

Top