പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; 14കാരന്‍ അറസ്റ്റില്‍

ഭോപ്പാൽ : സഹപാഠിയായ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ തന്ത്രപൂർവ്വം കൈക്കലാക്കിയ ശേഷം ഈ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ പതിനാലുകാരിയെ ബ്ലാക്ക് മെയില്‍ ചെയ്തതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പതിനാലുകാരനെ പൊലീസ് അറസ്റ്റുചെയ്തു. മധ്യപ്രദേശിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെൺകുട്ടിയും അറസ്റ്റിലായ 14കാരനും ഓരേ സ്‌ക്കൂളിലെ വിദ്യാര്‍ഥികളാണ്. ഇരുവരും തമ്മില്‍ സൗഹൃദത്തിലായ ശേഷം സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ചാറ്റ് ചെയ്യുമായിരുന്നു. അതിനിടെ തന്ത്രപൂര്‍വം 14കാരന്‍ പെണ്‍കുട്ടിയുടെ അശ്ലീലഫോട്ടോ സ്വന്തമാക്കി. പിന്നീട് ഇത് ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പിന്നീട് വീണ്ടും നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടാൻ തുടങ്ങി. എന്നാല്‍ ഇതിന് പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്നായി ഭീഷണി. വിവാഹം കഴിക്കുമെന്ന് സഹപാഠി ഉറപ്പുനല്‍കിയതോടെ പെണ്‍കുട്ടി കെണിയില്‍ വീഴുകയായിരുന്നു. ഇതിന് പിന്നാലെ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തല്‍ പതിവായി.

പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പതിനാലുകാരന്‍ മൂത്തസഹോദരനും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കി. തുടര്‍ന്ന് അവരും പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യല്‍ തുടങ്ങി. പ്രതിയായ 14കാരനുമായി പെൺകുട്ടി സംസാരിക്കാൻ തയ്യാറാവാതെ വന്നതോടെ സമൂഹമാധ്യമത്തില്‍ വ്യാജപ്രൊഫൈലുണ്ടാക്കി പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ പ്രചരിപ്പിക്കുയും ചെയ്തു.

ഇതോടെ പെണ്‍കുട്ടി വിഷാദത്തിലായി. ആദ്യം വീട്ടുകാരോട് ഒന്നും പറയാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് കാര്യങ്ങളെല്ലാം തുറന്നുപറയുകയായിരുന്നു. അതിന് ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പതിനാലുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Top