’14 second’ statement; Pakistan news paper don supported Rishiraj Singh IPS

ഇസ്ലാമാബാദ്: സ്വന്തം രാജ്യത്ത് നിന്ന് വിമര്‍ശനമേറ്റ് വാങ്ങിയെങ്കിലും ഋഷിരാജ് സിങ്ങിന്റെ നോട്ട പരാമര്‍ശത്തിന് ശത്രുരാജ്യത്ത് നിന്ന് കൈയ്യടി.

സ്ത്രീകളെ പതിനാലു സെക്കന്‍ഡില്‍ കൂടുതല്‍ തുറിച്ചു നോക്കുന്നത് കുറ്റകരമാണെന്ന ഋഷിരാജ് സിങ്ങിന്റെ പ്രസ്താവനയ്ക്കാണ് പാകിസ്താനില്‍ നിന്നു പിന്തുണ ലഭിച്ചിരിക്കുന്നത്.
പ്രമുഖ പാക് ദിനപത്രമായ ഡോണിലാണ് ഋഷിരാജ് സിങ്ങിന്റെ പ്രസ്താവനയെ പിന്തുണച്ചു കൊണ്ടുള്ള ലേഖനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ റാഫിയ സക്കാരിയയുടെതാണ് ലേഖനം.

ഇന്ത്യയിലേതിനു സമാനമായി പാകിസ്താനി പുരുഷന്മാരും തുറിച്ചു നോട്ടത്തില്‍ പിന്നിലല്ല. ചെറുപ്പക്കാരികളോ വയോധികകളോ ആകട്ടെ, ധനികയോ പാവപ്പെട്ടവളോ ആകട്ടെ അവര്‍ക്കും പറയാനുണ്ടാകും പാകിസ്താനിലെ പുരുഷന്മാരുടെ തുറിച്ചു നോട്ടത്തിന്റെ കഥ, ബസിലും സ്‌കൂളിലും ഭക്ഷണശാലകളിലും ബാങ്കുകളിലും വച്ച് ഏല്‍ക്കേണ്ടി വന്ന തുറിച്ചുനോട്ടങ്ങളെ കുറിച്ച്. തുറിച്ചു നോട്ടമില്ലാത്ത ഒരിടവും പാകിസ്താനില്‍ ഇല്ലെന്ന് അവര്‍ നിങ്ങളോടു പറയും.

രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും വംശീയതയുടെയും പേരില്‍ പരസ്പരം കലഹിക്കുമെങ്കിലും ദക്ഷിണഭൂഖണ്ഡത്തിലെ പുരുഷന്മാരെ ചേര്‍ത്തു നിര്‍ത്തുന്ന പശയാണ് തുറിച്ചു നോട്ടമെന്നും റാഫിയ ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്. ഋഷിരാജ് സിങ്ങും അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനവും അനുമോദിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞാണ് റാഫിയ ലേഖനം അവസാനിപ്പിക്കുന്നത്.

നേരത്തെ സൗദി അറേബ്യയിലെ പ്രധാന പ്രാദേശിക പത്രമായ ‘ഉക്കാളിലും’ വലിയ പ്രാധാന്യത്തോടെ ഋഷിരാജിന്റെ വാര്‍ത്ത നല്‍കിയിരുന്നു. സ്ത്രീകള്‍ക്ക് മതപരമായി കര്‍ശന നിയന്ത്രണവും ബുര്‍ഖധരിക്കാതെ പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ വിലക്കുമുള്ള സൗദിയില്‍ ഋഷിരാജിന്റെ പ്രസ്താവനക്ക് അനുകൂല നിലപാടുമായാണ് അറബ് പത്രം രംഗത്തെത്തിയിരുന്നത്.

Top