സംസ്ഥാനത്ത് 14 ശതമാനം മഴ കുറവ്; പെയ്തത് 126 സെന്റിമീറ്റര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ താപനിലയിൽ നേരിയ വർധന. ബുധനാഴ്ച ഏറ്റവും കൂടിയ ചൂട് 31.4 ഡിഗ്രി സെൽഷ്യസ് കോഴിക്കോട് നഗരത്തിൽ രേഖപ്പെടുത്തി.

ഇന്നുരാത്രി 11.30 വരെ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 10 വരെ കാലവർഷത്തിൽ 14 ശതമാനം മാത്രമാണ് കുറഞ്ഞത്. സാധാരണ ഈ കാലയളവിൽ 148.08 സെന്റിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 126.61 സെന്റിമീറ്റർ മഴയാണ് പെയ്തത്.

തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഒഴികെ സാധാരണ തോതിൽ മഴ ലഭിച്ചതായാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. മഴ മാറിയതോടെ പെരിയാറിലും ജലനിരപ്പ് താഴുകയാണ്.

Top