18 people died in the hospital in not get oxygen

ചെന്നൈ: ചെന്നൈയില്‍ നന്ദംപാക്കത്ത് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കിടന്ന 18 പേര്‍ രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു. എംഐഒടി അന്താരാഷ്ട്ര ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് മരിച്ചത്.

വൈദ്യുതി സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് ഓക്‌സിജന്‍ ലഭിക്കാതെ വന്നത്. ഡീസല്‍ തീര്‍ന്നതുമൂലം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനായില്ല.

മഴകകെടുതി കാരണം ആശുപത്രിയില്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നു.മൂന്ന് ദിവസമായി ഇവിടെ വൈദ്യുത ബന്ധം ഇല്ല. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ അടയാര്‍ നദി കരകവിഞ്ഞ് ഒഴുകിയിതാണ് ആശുപത്രിയില്‍ വെള്ളം കയറാന്‍ കാരണമായത്.

ആശുപത്രിയുടെ ഒന്നാം നില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. 18 രോഗികളുടെയും മരണം തമിഴ്‌നാട് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ 700 ഓളം രോഗികളാണ് ഉണ്ടായിരുന്നത്. എല്ലാവരെയും സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റി.

എന്നാല്‍, വെന്റിലേറ്റര്‍ തകരാറല്ല ദുരന്തത്തിന് കാരണമെന്നാണ് ഔദ്യോഗിക നിലപാട്. 75 പേര്‍ വെന്റിലേറ്റില്‍ ഉണ്ടായിരുന്നതായി തമിഴനാട് ആരോഗ്യ സെക്രട്ടറി അറിയിച്ചു.

അതേസമയം, ഈ രോഗികള്‍ രണ്ടു ദിവസം മുമ്പ് മരിച്ചതാണെന്നും ഇപ്പോഴാണ് വിവരം അറിയിക്കുന്നതെന്നും മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹങ്ങള്‍ ചെന്നൈയിലെ സര്‍ക്കാര്‍ ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Top