ബ്രസീലില്‍ വിമാനം തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു; തകര്‍ന്നത് എംബ്രയര്‍ നിര്‍മ്മിച്ച ഇരട്ട എഞ്ചിന്‍ വിമാനം

ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് 14 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് അപകടം. ബ്രസീലിയന്‍ എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ എംബ്രയര്‍ നിര്‍മ്മിച്ച ഇരട്ട എഞ്ചിന്‍ വിമാനമായ EMB-110 വിമാനമാണ് തകര്‍ന്നുവീണത്. ബ്രസീലിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാഴ്സെലോസിലെ ആമസോണിലാണ് വിമാനം തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടതെന്ന് ആമസോണസ് സ്റ്റേറ്റ് ഗവര്‍ണര്‍ അറിയിച്ചു. അപകടത്തില്‍ 12 യാത്രക്കാരും രണ്ട് ജീവനക്കാരും മരിച്ചെന്ന് ഗവര്‍ണര്‍ വില്‍സണ്‍ ലിമ എക്സിലൂടെ അറിയിച്ചു.

അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. 18 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണത്. സംസ്ഥാന തലസ്ഥാനമായ മനൗസില്‍ നിന്ന് ബാഴ്സലോസിലേക്കുള്ള വഴിയായിരുന്നു വിമാനം. സ്പോര്‍ട്സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ സെക്രട്ടറി വിനീഷ്യസ് അല്‍മേഡയെ ഉദ്ധരിച്ച് യുഒഎല്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top