will proceed court tej bahadur yadav dismissed bsf jawan

ന്യൂഡല്‍ഹി: അതിര്‍ത്തിയിലുളള സൈനികരുടെ പരാതികള്‍ക്ക് പരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് ബി.എസ്.എഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജവാന്‍ തേജ് ബഹദൂര്‍ യാദവ്.

ജവാന്മാരുടെ ശമ്പളമോ സൗകര്യങ്ങളോ വര്‍ധിക്കുന്നില്ല. അതു പോലെ നല്ല ഭക്ഷണവും അവധികളും ലഭിക്കുന്നില്ല. ഈ വിഷയത്തില്‍ സൈന്യം ഒരു നടപടിയും സ്വീകരിക്കില്ല. ജവാന്മാരുടെ ആവലാതികള്‍ എന്തെന്ന് കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കണം. തങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കണമെന്ന് അപേക്ഷിക്കുന്നതായും തേജ് ബഹാദൂര്‍ പറഞ്ഞു.

ജനുവരി എട്ടിനാണ് കശ്മീര്‍ അതിര്‍ത്തി മേഖലയില്‍ ബി.എസ്.എഫ് 29 ബറ്റാലിയനില്‍ കാവല്‍ ഡ്യൂട്ടിയിലായിരുന്ന തേജ് ബഹാദൂര്‍ തനിക്ക് ആവശ്യത്തിന് ഭക്ഷണം പോലുമില്ലെന്നും പലപ്പോഴും പട്ടിണിയോടെ ഉറങ്ങുന്നതെന്നും പരാതിപ്പെടുന്ന വിഡിയോ ഫേസ്ബുക്കിലിട്ടത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും നടപടിയെ ഭയക്കുന്നില്ലെന്നും തേജ് ബഹാദൂര്‍ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് വീഡിയോ വാര്‍ത്തയായതോടെ സൈനിക മേധാവികള്‍ ഇടപെട്ട് കാവല്‍ ഡ്യൂട്ടിയില്‍ നിന്ന് തേജ് ബഹാദൂറിനെ മാറ്റി. ഇതിനിടെ വെളിപ്പെടുത്തലുകള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിനുമേല്‍ സമ്മര്‍ദം ഉണ്ടായിരുന്നതായും തന്നോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ഭാര്യ ശര്‍മിളയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ ബി.എസ്.എഫ് നിഷേധിച്ചു.

തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തേജ് ബഹാദൂറിനെ സൈനിക സേവനത്തില്‍ നിന്ന് പുറത്താക്കി കൊണ്ടുള്ള ഉത്തരവ് ബി.എസ്.എഫ് അധികൃതര്‍ ഇറക്കിയത്.

Top