In Special Session, Telangana Assembly Okays Increase in Muslim Quota

ഹൈദരാബാദ്: പിന്നോക്ക വിഭാഗങ്ങളുടെ സംവരണം വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ തെലങ്കാന നിയമസഭയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അവതരിപ്പിച്ചു.

മുസ്‌ലീം വിഭാഗത്തിന്റെയും എസ്ടി വിഭാഗത്തിന്റെയും സംവരണം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചാണ് ബില്‍. ഇരുവിഭാഗങ്ങള്‍ക്കും യഥാക്രമം 12ഉം 10ഉം ശതമാനം വര്‍ധന നല്‍കാനാണ് ബില്ലിലെ പ്രധാന നിര്‍ദേശം.

നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് മുഖ്യമന്ത്രി ബില്‍ അവതരിപ്പിച്ചത്.

അതെ സമയം, ബില്ലിനെതിരെ പ്രതിഷേധിച്ച അഞ്ച് ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു.

നിലവില്‍ മുസ്‌ലീം വിഭാഗത്തിനു നാലു ശതമാനം മാത്രമേ സംവരണമുള്ളു. എന്നാല്‍ ബില്ല് നിലവില്‍ വന്നാല്‍ ജോലി സംബന്ധമായ കാര്യങ്ങളിലടക്കം സംവരണ വര്‍ധന ഉണ്ടായേക്കുമെന്നാണ് സൂചന.

എസ്ടി വിഭാഗത്തിനു നിലവില്‍ ആറു ശതമാനമാണ് സംവരണം. ഭരണഘടനയുടെ ഒന്‍പതാം അനുച്ഛേദ പ്രകാരമാണ് സംവരണ നീക്കം. മുന്‍പ് തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ സംവരണ വര്‍ധന നടപ്പിലാക്കിയിട്ടുണ്ട്.

സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സംവരണ വര്‍ധന നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ജാതിമതാടിസ്ഥാനത്തിലല്ല ഇതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ചിലര്‍ രാഷ്ട്രീയ നേട്ടത്തിനായി ഇതിനെതിരെ കള്ളപ്രചരണം നടത്തുകയാണ്. തെലങ്കാന മന്ത്രിസഭക്ക് ഇത് ചരിത്ര നിമിഷമാണ്. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് നടപ്പിലാകാന്‍ പോകുന്നത് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എസ്‌സി വിഭാഗത്തിന്റെ സംവരണത്തിലും വര്‍ധനവുണ്ടാകും. എന്നാല്‍ നിലവില്‍ ആകെയുള്ള 25 ശതമാനം സംവരണത്തിന്റെ 15 ശതമാനവും എസ്‌സി വിഭാഗത്തിനു ലഭിക്കുന്നതിനാല്‍ നേരിയ വര്‍ധനവേ ഉണ്ടാകൂ ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ബില്‍ പാസായാല്‍ ആകെ പിന്നോക്ക സംവരണം 62 ശതമാനമായി ഉയരുമെന്നാണ് സൂചന. സംസ്ഥാനത്തെ ജനവിഭാഗങ്ങളില്‍ 90 ശതമാനവും പിന്നോക്കാവസ്ഥയില്‍ ഉള്ളവരാണെന്നും അതിനാല്‍ 50ശതമാനത്തിനു മുകളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനു തടസങ്ങളേതുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Top