‘കേന്ദ്രം അനുവദിക്കുന്ന 13,609 കോടി പുതിയതല്ല, നിലവിൽ കിട്ടേണ്ടത്’; ധനമന്ത്രി

 കേന്ദ്രം അനുവദിക്കുന്ന 13,609 കോടി രൂപയുടെ വായ്പ പുതിയ സഹായമല്ലെന്നും നിലവിൽ കിട്ടാനുള്ളതാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

കേരളം സുപ്രീംകോടതിയിൽ കേസ് നൽകിയ സാഹചര്യത്തിൽ ഇത് കിട്ടുന്നതിനു കേന്ദ്രത്തിൽനിന്ന് തടസ്സമുണ്ടായിരുന്നു. ആ തടസ്സമാണ് സുപ്രീംകോടതി നിർദേശപ്രകാരം മാറിയത്. ഇത് കേരളത്തിന് ശുഭകരമാണ്.

സംസ്ഥാനത്തിന്റെ വായ്പപ്പരിധിയുമായി ബന്ധപ്പെട്ട് 26,000 കോടി രൂപയുടെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമുണ്ട്. ഇക്കാര്യം അടിയന്തരമായി പരിശോധിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. സെക്രട്ടറിതലത്തിൽ ഉദ്യോഗസ്ഥർ ഇക്കാര്യം പരിശോധിക്കും.

കോടതിയിലെ കേസുമായി ബന്ധപ്പെട്ട് അധികം കാര്യങ്ങൾ പറയാനില്ല. വിവാദമുണ്ടാക്കരുതെന്ന് കോടതിതന്നെ പറഞ്ഞിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ തർക്കങ്ങളുണ്ടാക്കേണ്ട കാര്യമില്ല- ബാലഗോപാൽ പറഞ്ഞു.

Top