136 യാത്രക്കാരുമായി ലാന്‍ഡ് ചെയ്ത വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് പുഴയില്‍ വീണു

ന്യൂയോര്‍ക്ക്: ലാന്‍ഡിങിനിടെ യാത്രാ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി സമീപത്തുള്ള പുഴയില്‍ വീണു. ഫ്ളോറിഡയിലെ ജാക്സണ്‍വില്ലെ വിമാനത്താവളത്തിലാണ് സംഭവം. 136 പേരുമായി ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനം പുഴയിലേക്ക് പതിച്ചെങ്കിലും യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും തന്നെ അപകടങ്ങള്‍ ഒന്നും സംഭവിച്ചില്ല. എല്ലാവരും സുരക്ഷിതരാണെന്ന് ജാക്സണ്‍വില്ല മേയര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9.40-ഓടെയാണ് അപകടമുണ്ടായത്. ക്യൂബയില്‍നിന്നും ജാക്സണ്‍വില്ല വിമാനത്താവളത്തിലെത്തിയ വിമാനം ലാന്‍ഡിങിന് പിന്നാലെ റണ്‍വേയില്‍നിന്ന് തെന്നിമാറുകയായിരുന്നു. പിന്നാലെ സമീപത്തെ സെന്റ് ജോണ്‍സ് പുഴയിലേക്ക് പതിച്ചു.

വിമാനം പുഴയില്‍ വീണെങ്കിലും മുങ്ങിപ്പോയില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Top