ഒറ്റ ടാങ്ക് ഹൈഡ്രജനില്‍ 1359 കി മീ; ലോക റെക്കോഡ്, പുതിയ ചരിത്രമെഴുതി ടൊയോട്ട മിറൈ

യാത്രാമധ്യേ ഇന്ധനം നിറയ്ക്കാതെ ഏറ്റവുമധികം ദൂരം പിന്നിടുന്ന മലിനീകരണ മുക്ത വാഹനമെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ടയുടെ ഹൈഡ്രജന്‍ ഇന്ധന സെല്‍ കാറായ മിറൈയ്ക്ക്. മലിനീകരണ വിമുക്തവും പരിസ്ഥിതി സൗഹൃദവുമായ ബ്രാന്‍ഡായി മാറാനുള്ള ടൊയോട്ടയുടെ കുതിപ്പിന് പുത്തന്‍ ഊര്‍ജമാവുകയാണ് മിറൈ.

ഒറ്റ ടാങ്ക് ഹൈഡ്രജനില്‍ ദക്ഷിണ കലിഫോണിയ ചുറ്റി തിരിച്ചെത്തുമ്പോഴേക്ക് 1,359 കിലോമീറ്റര്‍ ദൂരമാണു മിറൈ പിന്നിട്ടത്. ഇതോടെ മലിനീകരണ വിമുക്തമായ വാഹനങ്ങളുടെ ഇന്ധനക്ഷമതയില്‍ പുതിയ ചരിത്രമാണു പിറന്നതെന്നും ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ അവകാശപ്പെടുന്നു. ഗിന്നസ് ലോക റെക്കോഡ് അധികൃതരുടെ സൂക്ഷ്മമായ നിരീക്ഷണത്തിലാണു മിറൈ ഇന്ധനക്ഷമതയില്‍ പുത്തന്‍ ഉയരങ്ങള്‍ കീഴടക്കിയതെന്നു ടൊയോട്ട വിശദീകരിച്ചു. ടൊയോട്ടയുടെ മലിനീകരണ വിമുക്തമായ വാഹന ശ്രേണിയിലെ മിന്നുംതാരമാവാന്‍ പ്രാപ്തിയുള്ള ഹൈഡ്രജന്‍ ഇന്ധന സാങ്കേതികവിദ്യയില്‍ കമ്പനിക്ക് അഭിമാനമുണ്ടെന്ന് ടൊയോട്ട മോട്ടോര്‍ നോര്‍ത്ത് അമേരിക്ക എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബോബ് കാര്‍ട്ടര്‍ അഭിപ്രായപ്പെട്ടു.

2016ല്‍ നോര്‍ത്ത് അമേരിക്കയില്‍ വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യ ഇന്ധന സെല്‍ വൈദ്യുത വാഹനമായിരുന്നു മിറൈ എന്ന് അദ്ദേഹം അനുസ്മരിച്ചു. ഇപ്പോഴാവട്ടെ പുതുതലമുറ മിറൈ ഇന്ധനക്ഷമതയില്‍ പുത്തന്‍ റെക്കോഡുകള്‍ സൃഷ്ടിച്ചു മുന്നേറുകയാണന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റ് 23ന് കലിഫോണിയയിലെ ഗാര്‍ഡെനയിലുള്ള ടൊയോട്ട ടെക്‌നിക്കല്‍ സെന്ററി(ടി ടി സി)യില്‍ നിന്നായിരുന്നു മിറൈയുടെ ദ്വിദിന യാത്രയുടെ തുടക്കം.

സാന്‍ സിഡ്രൊ, സാന്റ ബാര്‍ബറ, സാന്റ മോണിക്ക, മാലിബു വഴി ടിടിസിയില്‍ തിരിച്ചെത്തുമ്പോഴേക്കു കാര്‍ 761 കിലോമീറ്റര്‍ പിന്നിട്ടിരുന്നു. പിറ്റേന്ന് ലൊസാഞ്ചലസിലനും ഓറഞ്ച് കൗണ്ടിക്കും മധ്യേ സാന്‍ ഡിയാഗൊ ഫ്രീവേയിലായിരുന്നു മിറൈയുടെ യാത്ര. ഇന്ധന ടാങ്ക് കാലിയാവും വരെ നീണ്ട യാത്രയ്‌ക്കൊടുവില്‍ കാര്‍ ടി ടി സിയില്‍ തിരിച്ചെത്തിക്കുമ്പോള്‍ ഓഡോമീറ്ററില്‍ രേഖപ്പെടുത്തിയ ദൂരം 1,359 കിലോമീറ്ററായിരുന്നു. രണ്ടു നാളത്തെ യാത്രയ്ക്കായി ‘മിറൈ’ ഉപയോഗിച്ചത് 5.65 കിലോഗ്രാം ഹൈഡ്രജനാണ്. യാത്രാപഥത്തില്‍ 12 ഹൈഡ്രജന്‍ സ്റ്റേഷനുകള്‍ കടന്നു പോയെങ്കില്‍ ‘മിറൈ’ ഒരിടത്തും ഇന്ധനം നിറച്ചില്ലെന്നും ടൊയോട്ട വ്യക്തമാക്കി.

 

Top