US strike in Syria: Russia warns of serious consequences

മോസ്‌കോ: സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിനെതിരെ റഷ്യ.

ഈ നടപടിയില്‍ അമേരിക്ക ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി.

അമേരിക്കയുടെ നിയമവിരുദ്ധമായ നീക്കങ്ങളെ തങ്ങള്‍ ശക്തമായി അപലപിക്കുന്നതായി റഷ്യയുടെ ഐക്യരാഷ്ട്രസഭാ പ്രതിനിധി വ്‌ളാഡിമിര്‍ സഫ്രാങ്കോവ് വ്യക്തമാക്കി. അന്തര്‍ദേശീയ തലത്തില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഖാന്‍ ശൈഖൂനില്‍ 86 പേര്‍ കൊല്ലപ്പെട്ട ചൊവ്വാഴ്ചത്തെ രാസായുധാക്രമണത്തിനു പിന്നില്‍ സിറിയന്‍ ഭരണകൂടമാണെന്നാരോപിച്ചാണ് രാജ്യത്തെ രണ്ടാമത്തെ വ്യോമതാവളമായ ഷയ്‌റാത്തില്‍ യു.എസ്. രൂക്ഷമായ ആക്രമണം നടത്തിയത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 6.15ന് നടത്തിയ ആക്രമണത്തില്‍ ഷയ്‌റാത്ത് ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. എയര്‍ കമ്മഡോറുള്‍പ്പെടെ ഏഴ് സേനാംഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ആക്രമണത്തിനുത്തരവിട്ടത്. മധ്യധരണ്യാഴിയുടെ കിഴക്ക് നങ്കൂരമിട്ട നാവികസേനയുടെ പടക്കപ്പലുകളായ യു.എസ്.എസ്. പോര്‍ട്ടര്‍, യു.എസ്.എസ്. റോസ് എന്നിവയില്‍നിന്ന് 59 ടോമഹോക് മിസൈലുകളാണ് യു.എസ്. ഷയ്‌റാത്തിലേക്കയച്ചത്. ആക്രമണത്തില്‍ ഒമ്പത് വിമാനങ്ങളും ഇന്ധനഡിപ്പോയും തകര്‍ന്നു.

വ്യോമാക്രമണം സ്ഥിരീകരിച്ച സിറിയ, ഇത് മണ്ടത്തരവും ഉത്തരവാദിത്വമില്ലായ്മയുമാണെന്ന് പ്രതികരിച്ചു. രാസായുധ പ്രയോഗം നടത്തിയതായ ആരോപണം സിറിയ തള്ളി. ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായും സിറിയ വ്യക്തമാക്കി.

യുഎസ്- റഷ്യ ബന്ധത്തില്‍ ഇത് കാര്യമായ തകരാറുണ്ടാക്കുമെന്ന് റഷ്യ നേരത്തെ പ്രതികരിച്ചിരുന്നു.കൂടാതെ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രയേല്‍, സൗദി അറേബ്യ, തുര്‍ക്കി എന്നിവ ആക്രമണത്തെ പിന്തുണച്ചു. സിറിയയിലെ വിമതര്‍ ആക്രമണത്തെ സ്വാഗതം ചെയ്തു. 2011ല്‍ സിറിയന്‍ യുദ്ധം തുടങ്ങിയശേഷം പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടത്തിനുനേരേ അമേരിക്ക ഇത്ര കടുത്ത ആക്രമണം നടത്തുന്നത് ആദ്യമാണ്.

Top