AAP govt abused power for official homes, appointments: Shunglu panel

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്.

ഡല്‍ഹി മുന്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജങ് രൂപീകരിച്ച, മുന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വി.കെ. ശുംഗ്ലു അധ്യക്ഷനായ മൂന്നംഗ സമിതിയാണ് കേജരിവാള്‍ സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.ഗോപാലസ്വാമി, മുന്‍ വിജിലന്‍സ് കമ്മിഷണര്‍ പ്രദീപ് കുമാര്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

ആംആദ്മി പാര്‍ട്ടിക്ക് ഓഫിസ് നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചതിലും മന്ത്രി സത്യേന്ദ്ര ജെയിനിന്റെ മകളെ ആരോഗ്യ മിഷന്‍ ഡയറക്ടറാക്കി നിയമിച്ചതിലും ഉള്‍പ്പെടെ ക്രമക്കേടുകള്‍ നടന്നതായാണ് ശുംഗ്ലു കമ്മിഷന്റെ കണ്ടെത്തല്‍. ആംആദ്മി പാര്‍ട്ടിയുമായി സഹകരിക്കുന്നവരെ ആരോഗ്യമിഷന്‍ പദ്ധതിയുടെ ഉപദേശാക്കളായി നിയമിച്ചതിലും ക്രമക്കേടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഡിസിഡബ്ല്യു അധ്യക്ഷ സ്വാതി മാലിവാളിന് വസതി അനുവദിച്ചതിനെയും റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നു. ലഫ്.ഗവര്‍ണറുടെ അനുമതിയില്ലാതെ കേജ്‌രിവാള്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ചും നടത്തിയ നിയമനങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് നൂറു പേജോളം ദൈര്‍ഘ്യമുള്ളതാണ്. ലഫ്. ഗവര്‍ണറുമായി ആലോചിക്കാതെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ എഎപി സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഴിമതിവിരുദ്ധ സേനയിലെ ഉദ്യോഗസ്ഥ നിയമനം, ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും നിയമനവും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഭിഭാഷക നിയമനം, ലഫ്.ഗവര്‍ണറുടെ അനുമതി കൂടാതെയുള്ള മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം തുടങ്ങിയ വിഷയങ്ങളിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

2016 ഓഗസ്റ്റിലാണ് കേജ്‌രിവാള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ വി.കെ. ശുംഗ്ലുവിനെ അധ്യക്ഷനാക്കി ലഫ്.ഗവര്‍ണര്‍ നജീബ് ജങ് അന്വേഷണ സമിതിക്ക് രൂപം നല്‍കിയത്. ഗവര്‍ണറുടെ അനുമതി കൂടാതെ എഎപി സര്‍ക്കാര്‍ തീരുമാനമെടുത്ത നാനൂറിലധികം ഫലയുകളെക്കുറിച്ച് പഠിക്കാനായിരുന്നു സമിതിക്കുള്ള നിര്‍ദേശം.

ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ കേജ്‌രിവാളിന് ക്രിമിനല്‍ കേസു നേരിടേണ്ടിവരുമെന്ന് നജീബ് ജങ് വിശദീകരിച്ചിരുന്നു

Top