ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ നശിക്കുന്നത് എഫ്‌സിഐയില്‍ സൂക്ഷിച്ച 132 ലക്ഷം ടണ്‍ ധാന്യം

ന്യൂഡല്‍ഹി: 2019-20 കാലഘട്ടത്തില്‍ എഫ്‌സിഐ സംഭരിച്ച് താല്‍ക്കാലിക സംവിധാനങ്ങളില്‍ സൂക്ഷിച്ച 132 ലക്ഷം ടണ്‍ ധാന്യം ഭക്ഷ്യയോഗ്യമല്ലാത്ത സ്ഥിതിയിലായെന്ന് കര്‍ഷകസംഘടനകള്‍. എന്നാല്‍ വെറും 1,930 ടണ്‍ ഗോതമ്പ് കേടായെന്നാണ് കേന്ദ്രം വെളിപ്പെടുത്തുന്നത്.

സര്‍ക്കാരും കാലിത്തീറ്റ കയറ്റുമതിക്കാരും സ്പിരിറ്റ് ലോബിയും തമ്മിലുള്ള ഒത്തുകളിയാണ് ഗോതമ്പ് നശിക്കാനായി വിട്ടുകൊടുക്കുന്നതിന് പിന്നിലെന്നാണ് കര്‍ഷകരുടെ ആരോപണം. കോടിക്കണക്കിന് പേര്‍ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് സംഭരണകേന്ദ്രങ്ങളില്‍ ഗോതമ്പ് കെട്ടിക്കിടന്ന് നശിക്കുന്നത്.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പോളിത്തീന്‍ കവറിട്ട് മൂടിവച്ച ഗോതമ്പ് ശേഖരമാണ് മഴവെള്ളം ചോര്‍ന്നൊലിച്ച് നശിക്കുന്നത്. താല്‍ക്കാലിക സംവിധാനങ്ങളില്‍ ആറുമാസത്തില്‍ കൂടുതല്‍ ഭക്ഷ്യധാന്യം സൂക്ഷിക്കരുതെന്നാണ് വ്യവസ്ഥ. റാബി വിളവെടുപ്പിന് മുമ്പേ രാജ്യത്ത് അരിയുടെയും ഗോതമ്പിന്റെയും സംഭരണം കരുതലായി വേണ്ടതിന്റെ മൂന്നിരട്ടിയായി. ഏപ്രിലില്‍ കരുതല്‍ശേഖരമായി വേണ്ടത് 44.60 ലക്ഷം ടണ്‍ ഗോതമ്പാണ്. ജൂലൈയില്‍ 245 ലക്ഷം ടണ്ണും. മെയ് 24നു ഗോതമ്പ് ശേഖരം 341.56 ലക്ഷം ടണ്‍ ആയി.

റാബി വിളവെടുപ്പ് പുരോഗമിക്കുകയാണ്. രാജ്യത്ത് പട്ടിണികാരണം തൊഴിലാളികള്‍ മരിക്കുമ്പോഴും അധികഭക്ഷ്യധാന്യം പ്രതിമാസം 10 കിലോഗ്രാം വീതം ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം കേന്ദ്രം ചെവികൊള്ളുന്നില്ല. ഗോതമ്പ് കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ കാലിത്തീറ്റക്കാര്‍ക്കും സ്പിരിറ്റ് നിര്‍മാതാക്കള്‍ക്കും വിറ്റഴിക്കാനാണ് കേന്ദ്ര നീക്കമെന്ന് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Top