24 മണിക്കൂറില്‍ 13,244 ബുക്കിങ്ങുകള്‍; ആരാധകര്‍ നെഞ്ചിലേറ്റി പുതിയ കിയ സെല്‍റ്റോസ്

ബുക്കിങ്ങ് ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിപ്പോള്‍ തന്നെ 13,244 ബുക്കിങ്ങുകള്‍ ലഭിചിരിക്കുകയാണ് കിയ മോട്ടോഴ്‌സ് അവതരിപ്പിച്ച പുതിയ സെല്‍റ്റോസിനു. ജൂലായി 14-നാണ് കിയ സെല്‍റ്റോസിന്റെ ബുക്കിങ്ങ് ആരംഭിച്ചത്. വില പോലും പ്രഖ്യാപിക്കുന്നതിന് മുന്‍പാണ് ഈ വാഹനം സ്വന്തമാക്കാന്‍ കിയ ആരാധാകര്‍ മത്സരിച്ചെത്തിയത് എന്നതാണ് കൗതുകം. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് പുതിയ സെല്‍റ്റോസിനുള്ള ബുക്കിങ്ങ് സ്വീകരിക്കുന്നത്. വിപണിയിലെത്തി നാല് വര്‍ഷം പിന്നിട്ടതോടെയാണ് സെല്‍റ്റോസില്‍ മുഖംമിനുക്കല്‍ വരുത്തിയിരിക്കുന്നത്.

കിയ സെല്‍റ്റോസിന് ലഭിച്ചിട്ടുള്ള 13244 ബുക്കിങ്ങുകളില്‍ 1973 എണ്ണവും നിലവിലെ സെല്‍റ്റോസ് ഉടമകള്‍ക്ക് നല്‍കിയിട്ടുള്ള ‘കെ-കോഡ്’ വഴിയാണെന്ന് കിയ അറിയിച്ചു. നിലവിലെ സെല്‍റ്റോസ് ഉടമകളോ, അവര്‍ നിര്‍ദേശിക്കുന്ന ആളുകളോ പുതിയ മോഡല്‍ ബുക്ക് ചെയ്താല്‍ ഡെലിവറിക്ക് മുന്‍ഗണന കിട്ടുന്ന പദ്ധതിയാണ് ‘കെ-കോഡ്’. കിയ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ബുക്കുചെയ്യുന്നവര്‍ക്കാണ് കെ-കോഡ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

കാഴ്ചയില്‍ ഒരു എസ്.യു.വിക്ക് അനിവാര്യമായ എല്ലാ ഫീച്ചറുകളും നല്‍കിയാണ് സെല്‍റ്റോസിന്റെ രണ്ടാം വരവ്. മസ്‌കുലാര്‍ ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പിനൊപ്പം സ്‌റ്റൈലിഷായുള്ള ഡി.ആര്‍എല്‍, 18 ഇഞ്ച് വലിപ്പമുള്ള ക്രിസ്റ്റല്‍ കട്ട് അലോയി വീലുകള്‍, ഇന്‍വെര്‍ട്ട് എല്‍ ആകൃതിയിലുള്ള ടെയ്ല്‍ലാമ്പ്, എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പ് തുടങ്ങിയ ഫീച്ചറുകളാണ് പുതിയ സെല്‍റ്റോസിന്റെ എക്സ്റ്റീരിയറിനെ അലങ്കരിക്കുന്ന ഘടകങ്ങള്‍. എട്ട് നിറങ്ങളിലാണ് ഇത്തവണ സെല്‍റ്റോസ് എത്തിയിട്ടുള്ളത്.

കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി അഡാസ് ലെവല്‍-2 സംവിധാനം നല്‍കിയതാണ് ഈ വരവിലെ മറ്റൊരു പ്രത്യേകത. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാകുന്ന 10.25 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍ അകത്തളത്തെ മനോഹരമാക്കുന്നുണ്ട്. എട്ട് ഇഞ്ച് വലിപ്പത്തിലെ ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ക്കൊപ്പം കരുത്തുറ്റ് സുരക്ഷ സംവിധാനങ്ങളും ഇതില്‍ നല്‍കിയിട്ടുണ്ട്.

രണ്ട് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ഒരു 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് പുതിയ സെല്‍റ്റോസ് വിപണിയില്‍ എത്തുന്നത്. 1.5 എന്‍.എ. എന്‍ജിന്‍ 115 ബി.എച്ച്.പി. പവറും 144 എന്‍.എം. ടോര്‍ക്കും, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 158 ബി.എച്ച്.പി. പവറും 263 എന്‍.എം. ടോര്‍ക്കും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 115 ബി.എച്ച്.പി. പവറും 253 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍, ആറ് സ്പീഡ് ഐ.എം.ടി. ഏഴ് സ്പീഡ് ഡി.സി.ടി. എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Top