Two hazrat nizamuddin clerics who had gone missing pakistan return india

ന്യൂഡല്‍ഹി: പാകിസ്താനില്‍ കാണാതായ ഇന്ത്യന്‍ മുസ്ലീം പുരോഹിതന്മാര്‍ തിരിച്ചെത്തി.

സയിദ് ആസിഫ് നിസാമി (82), മരുമകന്‍ വാസിം അലി നിസാമി (66) എന്നിവരാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.

പാകിസ്താനിലെ ഒരുപത്രം തെറ്റായ വാര്‍ത്തയും ചിത്രങ്ങളും നല്‍കിയതിനെ തുടര്‍ന്നാണ് തങ്ങള്‍ അറസ്റ്റിലായതെന്ന് വാസിം നിസാമി പറഞ്ഞു.

ഈ മാസം ആറിനാണ് ഇരുവരും പാകിസ്താനിലേക്ക് പോയത്. മാര്‍ച്ച് 14ന് കറാച്ചിയില്‍നിന്ന് ഷഹീന്‍ എയര്‍ലൈന്‍സില്‍ അല്ലാമ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവരെ പാക് ഇന്റലിജന്‍സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അല്‍ത്താഫ് ഹുസൈന്‍ നേതൃത്വം നല്‍കുന്ന മുത്തഹിദ ഖൗമി മൂവ്‌മെന്റുമായി (എം.ക്യു.എം) ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പാക് ഇന്റലിജന്‍സ് ആരോപിച്ചത്.

പാര്‍ട്ടി അധ്യക്ഷനായ അല്‍ത്താഫ് ഹുസൈന്‍ അടുത്തിടെ നടത്തിയ രാജ്യവിരുദ്ധ പ്രസ്താവനയുടെ പേരില്‍ സംഘടനയെ പാക് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഈ സംഘടയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

Top