കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; ഉത്തര്‍പ്രദേശിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉത്തര്‍ പ്രദേശിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജനസംഖ്യ അടിസ്ഥാനത്തില്‍ കോവിഡ് മരണത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളേയും ഉത്തര്‍പ്രദേശിനേയും പ്രധാനമന്ത്രി താരമത്യം ചെയ്തു.

ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ രാജ്യങ്ങള്‍ ഒരു കാലത്ത് ലോകത്തെ കീഴടക്കിയവരായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ശക്തികളായിരുന്നു. നിങ്ങള്‍ ഈ രാജ്യങ്ങളിലെ ജനസംഖ്യ കൂട്ടുകയാണെങ്കില്‍, അത് 24 കോടി വരും. എന്നാല്‍ ഇന്ത്യയില്‍ ഉത്തര്‍ പ്രദേശില്‍ മാത്രം 24 കോടി ആളുകളുണ്ട്.

കോവിഡ് മൂലം ഈ നാല് യൂറോപ്യന്‍ രാജ്യങ്ങളിലുമായി 1,30,000 പേര്‍ കോവിഡ് ബാധിച്ച് മരിച്ചപ്പോള്‍ ഉത്തര്‍ പ്രദേശില്‍ 600 പേരാണ് മരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.യുപി കോവിഡിനെ ഗൗരവത്തോടെയും ഫലപ്രദമായും കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യാവസായിക സംഘടനകളുമായി സഹകരിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതിയായ ‘ആത്മ നിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗര്‍ അഭിയാന്‍’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘എന്നിരുന്നാലും, മരണം മരണമാണെന്ന് ഞാന്‍ സമ്മതിക്കുന്നു, എല്ലാ ജീവിതവും പ്രാധാന്യമര്‍ഹിക്കുന്നു, ആരുടെ ജീവന്‍ നഷ്ടപ്പെട്ടാലും സങ്കടമുണ്ട്, അത് ഇന്ത്യയിലായാലും ലോകത്തെവിടെയാണെങ്കിലും.’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാക്സിന്‍ കണ്ടെത്തുന്നത് വരെ മാസ്‌കും സാമൂഹിക അകലം പാലിക്കലും മാത്രമാണ് കൊറോണവൈറസിനെതിരായ മരുന്നെന്നും മോദി പറഞ്ഞു.

കോവിഡിനെ തടയുന്നതിനുള്ള ഒരേയൊരു മാര്‍ഗം നല്ല വ്യക്തിഗത ശുചിത്വം പാലിക്കുക എന്നതാണ്. പതിവായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. വീടുകളില്‍ നിന്ന് പുറത്തുപോകുമ്പോള്‍ മാസ്‌ക് ധരിക്കുക. ഏറ്റവും പ്രധാനമായി ആറടി അകലം പാലിക്കുക എന്നതാണ്’ പ്രധാനമന്ത്രി പറഞ്ഞു.

Top