നശിപ്പിച്ചത് തിരിച്ചയ്ക്കാന്‍ സമയമായി; യുപിയില്‍ 130 പേര്‍ക്ക് 50 ലക്ഷം അടയ്ക്കാന്‍ നോട്ടീസ്

ത്തര്‍പ്രദേശില്‍ കലാപം അഴിച്ചുവിട്ട അതിക്രമികള്‍ക്ക് പണികൊടുക്കാനുള്ള യോഗി സര്‍ക്കാരിന്റെ നീക്കങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക്. വിവിധ ജില്ലകളിലെ ഭരണകൂടങ്ങള്‍ ഇതുവരെ 130 പേര്‍ക്ക് റിക്കവറി നോട്ടീസ് അയച്ചു. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിേഷധങ്ങള്‍ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ അതിക്രമത്തിന് വഴിമാറിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം അക്രമകാരികളില്‍ നിന്ന് ഈടാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

സ്വത്തുക്കള്‍ കണ്ടുകെട്ടാതിരിക്കാന്‍ 50 ലക്ഷത്തോളം രൂപ അടയ്ക്കാനാണ് ഇവരോട് ജില്ലാ ഭരണകൂടങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. രാംപൂരില്‍ 28 പേര്‍ക്കും, സംഭാളില്‍ 26, ബിജ്‌നോറില്‍ 43, ഗൊരഖ്പൂരില്‍ 33 പേര്‍ക്കുമാണ് വെള്ളിയാഴ്ച നടന്ന പ്രതിഷേധങ്ങളിലെ അതിക്രമങ്ങള്‍ക്ക് നോട്ടീസ്അയച്ചത്. നോട്ടീസ് പ്രകാരം രാംപൂരില്‍ 14.8 ലക്ഷം, സാംഭാളില്‍ 15 ലക്ഷം, ബിജ്‌നോറില്‍ 19.7 ലക്ഷം എന്നിങ്ങനെ മൂല്യമുള്ള വസ്തുവകകളാണ് നശിപ്പിക്കപ്പെട്ടത്.

ഗൊരഖ്പൂരിലെ നഷ്ടങ്ങളുടെ കണക്ക് അധികൃതര്‍ കണക്കാക്കി വരുന്നതേയുള്ളൂ. ‘കല്ലേറ് നടത്തുകയും, പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്നതായി ചിത്രങ്ങളിലും, വീഡിയോകളിലും കുടുങ്ങിയവര്‍ക്കാണ് നോട്ടീസ് അയയ്ക്കുന്നത്. മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ സര്‍ക്കാര്‍ വകുപ്പുകള്‍, പിഡബ്യുഡി, ഗതാഗത വകുപ്പ്, മുനിസിപ്പാലിറ്റി, പോലീസ് സേവനങ്ങളോടും അക്രമങ്ങളില്‍ അവര്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസ് നല്‍കിയ 28 പേരില്‍ ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്’, രാംപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് അനുജനേയ കുമാര്‍ സിംഗ് പറഞ്ഞു.

നോട്ടീസ് കിട്ടിയ പല കുടുംബങ്ങളും ഇപ്പോള്‍ എങ്ങനെ നഷ്ടപരിഹാരം നല്‍കുമെന്ന ആശങ്കയിലാണ്. പലരും ദിവസക്കൂലിക്കാരാണ്. ഇവര്‍ക്ക് അഭിഭാഷകരുടെ സേവനം തേടാന്‍ പോലുമുള്ള ശേഷിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ ചില തീവ്രവാദി ഗ്രൂപ്പുകളാണ് കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് നേരത്തെ സര്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

Top