വെബ്‌സൈറ്റുകളിലൂടെ 13 കോടി ആളുകളുടെ ആധാര്‍ വിവരങ്ങള്‍ പരസ്യമായി

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാനപ്പെട്ട നാലു സര്‍ക്കാര്‍ പദ്ധതികളുടെ വെബ്‌സൈറ്റുകളിലൂടെ 13 കോടി ആളുകളുടെ ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കിയതായി റിപ്പോര്‍ട്ട്. ഇതില്‍ ഡയറക്ട് ബെനിഫിറ്റ് സ്‌കീം പ്രകാരം ആധാര്‍ നമ്പറുകളുമായി ബന്ധിപ്പിച്ച ഒരു കോടിയിലധികം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടും.

തൊഴിലുറപ്പു പദ്ധതിയുടെ സൈറ്റിലൂടെ മാത്രം പുറത്തായത് എട്ടുകോടിയിലധികം ആളുകളുടെ വിവരങ്ങളാണ്.

പൊതുമണ്ഡലത്തില്‍ ആധാര്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും അതുമായി ബന്ധപ്പെട്ട വിവരസുരക്ഷയെക്കുറിച്ചും സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി (സിഐഎസ്) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണു ഈ വിവരങ്ങള്‍.

കഴിഞ്ഞ നവംബര്‍ മുതല്‍ ഈ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇവ കണ്ടെത്തിയതിനെത്തുടര്‍ന്നു സിഐഎസ് പ്രവര്‍ത്തകര്‍ ഈ വിവരങ്ങള്‍ നീക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു.

രണ്ടു കേന്ദ്രസര്‍ക്കാര്‍ പോര്‍ട്ടലുകളെക്കുറിച്ചും ആന്ധ്രപ്രദേശില്‍നിന്നുള്ള രണ്ടു സൈറ്റുകളെക്കുറിച്ചുമാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിവരങ്ങള്‍ പരസ്യമാക്കിയ സൈറ്റുകള്‍ ചുവടെ

1) നാഷനല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (ഗ്രാമവികസന മന്ത്രാലയം)

2) തൊഴിലുറപ്പു പദ്ധതിയുടെ ദേശീയ പോര്‍ട്ടല്‍

3) ഡെയിലി ഓണ്‍ലൈന്‍ പേയ്‌മെന്റ് റിപ്പോര്‍ട്ട്‌സ് (ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍)

4) ചന്ദ്രണ്ണ ബീമാ പദ്ധതി (ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍)

സോഷ്യല്‍ അസിസ്റ്റന്‍സ് പദ്ധതിയുടെ സൈറ്റിലൂടെ 1,59,42,083 ആളുകളുടെ വിവരങ്ങളും ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്റെ രണ്ട് സൈറ്റുകളിലൂടെ മൂന്നു കോടി ആളുകളുടെ വിവരങ്ങളുമാണ് പുറത്തായത്. മിക്ക സൈറ്റുകളിലെയും വിവരങ്ങള്‍ എക്‌സല്‍ ഷീറ്റായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ പാകത്തിലായിരുന്നു.

23 കോടി ആളുകളുടെ വിവരങ്ങള്‍ ഡയറക്ട് ബെനിഫിറ്റ് സ്‌കീമിന്റെ ഭാഗമായി ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണു കണക്ക്. സമാനമായ രീതിയില്‍ മറ്റു സര്‍ക്കാര്‍ സൈറ്റുകളും അശ്രദ്ധമായി വിവരങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കില്‍ വലിയ അളവിലുള്ള ഡേറ്റാബേസ് പുറത്തുപോയിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നു സിഐഎസ് സൂചിപ്പിക്കുന്നു. മാസങ്ങള്‍ നീണ്ട പ്രയത്‌നത്തിനു ശേഷമാണു വിവരങ്ങള്‍ പുറത്തുവിട്ടത്.

കേരളത്തിലെ സേവന പെന്‍ഷന്‍ വെബ്‌സൈറ്റിലൂടെ 35 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങളും ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സൈറ്റിലൂടെ 14 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ പരസ്യമായതു കഴിഞ്ഞ ദിവസമാണ്. 2016 ആധാര്‍ ആക്ട് അനുസരിച്ച് ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കിയാല്‍ മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. വെബ്‌സൈറ്റുകളിലുള്ള ആധാര്‍ വിവരങ്ങള്‍ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐടി മന്ത്രാലയം കഴിഞ്ഞ മാസം പുറത്തിറക്കിയ വിജ്ഞാപനം സര്‍ക്കാര്‍ വകുപ്പുകള്‍ പാലിച്ചില്ലെന്നും ആരോപണമുണ്ട്.

Top