തിരുവല്ലയില്‍ 13കാരിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ലയില്‍ പതിമൂന്നു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. കുന്നന്താനം സ്വദേശി ജിബിന്‍ ജോണിനെയാണ് തിരുവല്ല ഡിവൈ.എസ്.പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ആറുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കീഴ്വായ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുമളി തോട്ടക്കാട് വില്ലേജില്‍ കൈലാസ മന്ദിരത്തില്‍ വിഷ്ണു സുരേഷിനെ (26) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാക്ഷി മൊഴികളും പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജിബിന്‍ ജോണിനെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്ന് 20ലധികം പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ അടക്കം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും ഡിവൈ.എസ്.പി അറിയിച്ചു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top