തണ്ണിശ്ശേരി അപകടം: പരിക്കേറ്റ കുട്ടിയുമായി വരുന്ന ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് അഭ്യര്‍ഥന

പാലക്കാട്: തണ്ണിശ്ശേരിയില്‍ ഞായറാഴ്ച നടന്ന അപകടത്തില്‍ പരിക്കേറ്റ പതിമൂന്നുകാരന്‍ ഷാഫിയെ വിദഗ്ദ ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടു പോകാനായി ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാന്‍ അഭ്യര്‍ഥിച്ച് അധികൃതര്‍.

തണ്ണിശ്ശേരിയില്‍ ആംബുലന്‍സും മീന്‍ ലോറിയും കൂട്ടിയടിച്ച് എട്ടുപേര്‍ മരിച്ച അപകടത്തിലാണ് ഷാഫിക്ക് പരിക്കേറ്റത്. കുട്ടിയെ ആംബുലന്‍സില്‍ പാലക്കാട്- എറണാകുളം ഹൈവേ വഴി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്കാണ് കൊണ്ടുപോകുന്നത്. വൈകീട്ട് 5.30 ന് പുറപ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കണമെന്നാണ് അഭ്യര്‍ത്ഥന.

ഞായറാഴ്ചയാണ് തണ്ണിശ്ശേരിയില്‍ ആംബുലന്‍സും മീന്‍ലോറിയും കൂട്ടിയിടിച്ച്എട്ടുപേര്‍ മരിച്ചത്. നെന്മാറയില്‍ നിന്ന് പാലക്കാട് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. വാടാനംകുറിശ്ശി സ്വദേശികളായ സുബൈര്‍, ഫവാസ്, നാസര്‍, ഷൊര്‍ണൂര്‍ സ്വദേശികളായ ഉമ്മര്‍ ഫറൂഖ്, ഷാഫി, നെന്മാറ സ്വദേശികളായ സുധീര്‍, വൈശാഖ്, നിഖില്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മുഹമ്മദ് ഷാഫിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

നെല്ലിയാമ്പതിയിലേക്ക്‌വിനോദയാത്ര പോകവെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടിരുന്നു. തുടര്‍ന്ന് നെന്മാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷം ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആംബുലന്‍സ് അപകടത്തില്‍ പെട്ടത്.നെല്ലിയാമ്പതിയില്‍ ഉണ്ടായ ആദ്യ അപകടത്തില്‍ ഇവര്‍ക്ക്‌നിസാര പരിക്കുകള്‍ മാത്രമാണ് പറ്റിയത്.

Top