13കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

വണ്ടിപ്പെരിയാര്‍: പതിമൂന്നു കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടന്മേട് സ്വദേശി പ്രമോദാണ് വണ്ടിപ്പെരിയാര്‍ പൊലീസിന്റെ പിടിയിലായത്. വണ്ടിപ്പെരിയാര്‍ ഡൈമുക്ക് എസ്റ്റേറ്റില്‍ തമാസിച്ചിരുന്ന പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ചൊവ്വാഴ്ച രാത്രിയാണ് കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വണ്ടന്‍മേട്, രാജാക്കണ്ടം സ്വദേശി പുത്തന്‍വീട്ടില്‍ പ്രമോദാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയും മുത്തച്ഛനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുള്ളത്. അച്ഛന്‍ ബംഗലുരുവില്‍ ജോലി ചെയ്യുകയാണ്.

പ്രമോദിന്റെ ബന്ധുക്കളിലൊരാള്‍ പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്നുണ്ട്. ഇവിടെ എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ട് പ്രണയത്തിലായത്. ചൊവ്വാഴ്ച രാതി ബൈക്കിലെത്തിയ പ്രതി പെണ്‍കുട്ടിയെ വിളിച്ചു കൊണ്ടുപോയി തന്റെ വീട്ടില്‍ പാര്‍പ്പിച്ചു. ഇവിടെ നിന്നുമാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്.

പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം സ്ഥിരീകരിച്ചത്. ബലാത്സംഗം, പോക്‌സോ തുടങ്ങിയ വകുപ്പുകളാണ് പ്രമോദിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Top