ടാറ്റയുടെ ഇവി വില്‍പനയില്‍ 13 ശതമാനം കേരളത്തില്‍: 24 ശതമാനവും സ്ത്രീകള്‍; വില്‍പ്പനയില്‍ മുന്നില്‍ ടിയാഗോ

ന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ മൊത്ത വില്‍പ്പനയുടെ 13 ശതമാനവും കേരളത്തിന്റെ സംഭാവനയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹനങ്ങളില്‍ മൂന്നാമനായി എത്തിയ ടിയാഗോ ഇ.വിയാണ് വില്‍പ്പനയില്‍ വന്‍ കുതിപ്പ് നടത്തിയിട്ടുള്ളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്.

തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കോട്ടയം തുടങ്ങിയ നഗരങ്ങളില്‍ ഇലക്ട്രിക് ഹാച്ച്ബാക്ക് മോഡലായ ടിയാഗോ ഇ.വിക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. താരതമ്യേന കുറഞ്ഞ വിലയും ന്യായമായ റേഞ്ചുമാണ് ടിയാഗോ ഇ.വിയുടെ വില്‍പ്പന നേട്ടത്തെ സ്വാധീനിക്കുന്ന പ്രധാന കാരണമെന്നാണ് വിലയിരുത്തലുകള്‍. ടിയാഗോ ഇ.വി. സ്വന്തമാക്കുന്നവരില്‍ 24 ശതമാനം സ്ത്രീകളാണെന്നാണ് ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്. ഇതിനൊപ്പം ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ കാര്യക്ഷമമായതും ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതല്‍ ആളുകളെ അടുപ്പിക്കുന്നുണ്ടെന്നാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന സംബന്ധിച്ച വിലയിരുത്തലുകള്‍.

19.2 കിലോവാട്ട്, 24 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ടിയാഗോ ഇ.വി. വിപണിയില്‍ എത്തുന്നത്. ഇതില്‍ 19.2 kWh മോഡലിന് 8.69 ലക്ഷം രൂപയും 9.29 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. അതേസമയം, 24 kWh വേരിയന്റ് രണ്ട് ചാര്‍ജിങ്ങ് ഓപ്ഷനുകളിലായി അഞ്ച് വേരിയന്റുകളിലാണ് നിരത്തുകളില്‍ എത്തുന്നത്. ഇവയ്ക്ക് 10.24 ലക്ഷം രൂപ മുതല്‍ 12.03 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

ലിക്വിഡ് കൂളിങ് ടെക്‌നോളജി, ഐ.പി. 67 റേറ്റഡ് ബാറ്ററി പാക്ക്, ഉയര്‍ന്ന കാര്യക്ഷമതയുള്ള പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോര്‍ എന്നിവ ഉള്‍പ്പെടുന്ന സിപ്‌ട്രോണ്‍ പ്ലാറ്റ്‌ഫോമാണ് ടിയാഗോയിക്കും അടിസ്ഥാനം. കേവലം 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് കഴിയും. എട്ട് വര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം കിലോമീറ്ററാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുള്ള വാറണ്ടി. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 57 മിനിറ്റില്‍ 80 ശതമാനം ബാറ്ററി നിറയുന്നതും ടിയാഗോ ഇ.വിയുടെ പ്രത്യേകതയാണ്.

Top