പതിമൂന്ന് തത്തകളെ കോടതിയില്‍ ഹാജരാക്കി; സംഭവം ഇങ്ങനെ

ഡല്‍ഹി പട്യാല കോടതിയില്‍ പതിമൂന്ന് തത്തകളെ ഹാജരാക്കി. ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ ഒരു യുവാവ് ഷൂ ബോക്‌സിനുള്ളില്‍ ഒളിപ്പിച്ച് ഇന്ത്യയില്‍ നിന്നും കടത്താന്‍ ശ്രമിക്കവേ പിടികൂടിയ തത്തകളെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഉസ്ബക്കിസ്ഥാന്‍ സ്വദേശിയെ തത്തകളുമായി പിടികൂടിയത്.

കേസുമായി ബന്ധപ്പെട്ട വസ്തു എന്തായാലും അത് കോടതിയില്‍ ഹാജരാക്കണമെന്നാണ് നിയമം. അതുകൊണ്ട് തന്നെ ഈ കേസുമായി ബന്ധപ്പെട്ടത് പതിമൂന്ന്തത്തകളായതിനാല്‍ അവയെ കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ് അധികൃതര്‍. കോടതി ഇവയെ പിന്നീട് ഒഖ്‌ല പക്ഷി സങ്കേതത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി.

പിടിയിലായ ഉസ്ബക്കിസ്ഥാന്‍ സ്വദേശി ഇന്ത്യയില്‍ നിന്നും തത്തകളെ കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചതിനാല്‍ ഇയാളെ ഒക്ടോബര്‍ 30 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഇന്ത്യയില്‍ തത്തകളെ വിദേശത്തേയ്ക്ക് കടത്തുന്നത് കുറ്റകരമാണ്.

Top