ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 13 ആയി

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 13 ആയി. പരിക്കേറ്റ 40 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്. ഇതില്‍ നാല് പേര്‍ ഗുരുതരാവസ്ഥയിലാണ്. വിജയനഗരം ജില്ലയിലെ കാണ്ടകപള്ളിയിലാണ് അപകടമുണ്ടായത്. ഓവര്‍ ഹെഡ് കേബിള്‍ തകരാര്‍ മൂലം നിര്‍ത്തിയിട്ട വിശാഖപട്ടണം – റായിഘഡ് പാസഞ്ചര്‍ ട്രെയിന് പിന്നിലേക്ക് പാലാസ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് 18 ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

അടിയന്തര ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടു. വിജയനഗരത്തിന്റെ സമീപ ജില്ലകളായ വിശാഖപട്ടണം, അനകപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് കഴിയുന്നത്ര ആംബുലന്‍സുകള്‍ അയയ്ക്കാനും അടുത്തുള്ള ആശുപത്രികളില്‍ നല്ല വൈദ്യസഹായം നല്‍കുന്നതിന് എല്ലാവിധ ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യം, പൊലീസ്, റവന്യൂ എന്നിവയുള്‍പ്പെടെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് വേഗത്തിലുള്ള ദുരിതാശ്വാസ നടപടികള്‍ കൈക്കൊള്ളാനും പരിക്കേറ്റവര്‍ക്ക് ഉടനടി വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

ലോക്കോ പൈലറ്റിന്റെ പിഴവ് മൂലമാണ് ദുരന്തമുണ്ടായതെന്നും സിഗ്നലിങ് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. ഡല്‍ഹി റെയില്‍വേ മന്ത്രാലയത്തിലെ വാര്‍ റൂം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും റെയില്‍വേ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നത് ആശങ്കാജനകമെന്ന് എം കെ സ്റ്റാലിന്‍ പ്രതികരിച്ചു.

 

Top