13 killed, 53 hurt as bus falls off bridge in Chattigarh

റായ്പൂര്‍: ഛത്തിസ്ഗഡിലെ ബാല്‍റാംപൂര്‍ ജില്ലയില്‍ ഇന്നലെ രാത്രി വരണ്ട തോട്ടിലേക്ക് ബസ് മറിഞ്ഞ് പതിമൂന്നുപേര്‍ മരിക്കുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റായ്പൂരില്‍ നിന്നും നാനൂറു കിലോമീറ്റര്‍ അകലെ ദാല്‍ദോവ മലമ്പാതയ്ക്കടുത്താണ് പാലത്തില്‍ നിന്ന് ബസ് തോട്ടിലേക്ക് മറിഞ്ഞത്.

റായ്പൂരില്‍ നിന്നും അയല്‍സംസ്ഥാനമായ ജാര്‍ഖണ്ഡിലെ ഗദ്‌വയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ആഡംബര ബസ് രാത്രി 10.30നാണ് അപകടത്തില്‍പ്പെട്ടത്.

മലമ്പാതയിലുള്ള കൊടും വളവില്‍ മോട്ടോര്‍സൈക്കിള്‍ യാത്രക്കാരനെ ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അയാളെ രക്ഷിക്കാന്‍ ശ്രിക്കുന്നതിനിടയില്‍ നിയന്ത്രണംവിട്ട ബസ് തോട്ടിലേക്ക് മറിയുകയായിരുന്നു.

തോട്ടിലേക്ക് മറിഞ്ഞബസ് വീണ്ടും മൂന്നു തവണ കീഴ്‌മേല്‍ മറിഞ്ഞു. സംഭവം അറിഞ്ഞയുടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പതിമൂന്നു പേര്‍ കൊല്ലപ്പെടുകയും പതിനാറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ മറ്റ് 37 പേരെ അടുത്തുള്ള പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

അപകടത്തില്‍പ്പെട്ടവരയെല്ലാം തിരിച്ചറിഞ്ഞതായും എല്ലാവരും പുരുഷന്മാരാണെന്നും പൊലീസ് പറഞ്ഞു. . സംഭവത്തില്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് ദു:ഖം രേഖപ്പെടുത്തി.

ജില്ലാ അധികൃതര്‍ക്ക് അപകടത്തിപ്പെട്ട എല്ലാവര്‍ക്കും ഏറ്റവും നല്ല ചികിത്സനല്‍കണമെന്ന് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ എല്ലാവരും പെട്ടെന്ന് തന്നെ പൂര്‍വസ്ഥിതിയിലെത്താന്‍ അദ്ദേഹം പ്രാര്‍ത്ഥിക്കുന്നതായും മന്ത്രിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു

Top