കൊറോണ വൈറസിന്റെ ഉത്ഭവം അന്വേഷിക്കാൻ 13 വിദഗ്ധർ ചൈനയിലെത്തി

കൊറോണ വൈറസിന്റെ ഉത്ഭവം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) 13 രാജ്യാന്തര വിദഗ്ധർ ചൈനയിലെത്തി. ഇതിനിടെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (ഡബ്ല്യുഐവി) പ്രവർത്തനത്തിന്റെ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. വിവാദമായ വുഹാൻ ലാബിൽ നിന്ന് വൈറസ് പുറത്തുപോയിരിക്കാമെന്നാണ് റിപ്പോർട്ടിലുള്ളത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതായി ആദ്യം പ്രഖ്യാപിക്കുന്നതിന് മുൻപ്, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ നിരവധി ഗവേഷകർ രോഗബാധിതരായിരുന്നു എന്നതിന് തെളിവുകൾ ഉണ്ടെന്നും റിപ്പോർ‌ട്ടിൽ‌ അവകാശപ്പെടുന്നു.

വുഹാൻ ലാബിലെ ആർക്കും രോഗം ബാധിച്ചിട്ടില്ലെന്ന മുതിർന്ന ഗവേഷകനായ ഷി ഷെങ്‌ലിയുടെ പൊതു അവകാശവാദത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ടെന്നാണ് വുഹാൻ ലാബിലെ പ്രവർത്തനത്തെക്കുറിച്ചുള്ള വസ്തുതാ പത്രത്തിൽ യുഎസ് പറയുന്നത്. വുഹാനിലെ ലാബിലാണ് കൊറോണ വൈറസ് നിർമിച്ചതെന്നും ഇതിന് തെളിവുണ്ടെന്നും നേരത്തെ ഒരു ചൈനീസ് വൈറോളജിസ്റ്റ് അവകാശപ്പെട്ടിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) സ്വതന്ത്ര പത്രപ്രവർത്തകരെയും അന്വേഷകരെയും ആഗോള ആരോഗ്യ അധികാരികളെയും ഡബ്ല്യുഐവിയിലെ ഗവേഷകരെ അഭിമുഖം ചെയ്യുന്നതിൽ നിന്ന് തടഞ്ഞുവെന്നും യുഎസ് റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്.

വുഹാൻ ലാബിലേത് രഹസ്യ സൈനിക പ്രവർത്തനമാണെന്നും യുഎസിന്റെ വസ്തുതാപത്രം ആരോപിക്കുന്നു. ചൈനയുടെ മുൻകാല ജൈവ ആയുധ പ്രവർത്തനങ്ങളെ ക്കുറിച്ച് നിരവധി വർഷങ്ങളായി അമേരിക്ക പരസ്യമായി ആശങ്ക ഉന്നയിച്ചിരുന്നു. വുഹാൻ ലാബ് ഒരു സിവിലിയൻ സ്ഥാപനമായി അവതരിപ്പിച്ചിട്ടും, ചൈനയുടെ സൈന്യവുമായി രഹസ്യ പദ്ധതികളിൽ ലാബ് സഹകരിച്ചുവെന്ന് യുഎസ് ആരോപിക്കുന്നു. കുറഞ്ഞത് 2017 മുതൽ ചൈനീസ് മിലിട്ടറിക്ക് വേണ്ടി മൃഗങ്ങളിലെ പരീക്ഷണങ്ങൾ ഉൾപ്പെടെയുള്ള ക്ലാസിഫൈഡ് ഗവേഷണങ്ങളിൽ ഡബ്ല്യുഐവി ഏർപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഗവേഷണ ധനസഹായം ഡബ്ല്യുഐവിയിലെ രഹസ്യ ചൈനീസ് സൈനിക പദ്ധതികളിലേക്ക് തിരിച്ചുവിട്ടുവെന്നും യുഎസ് ആരോപിച്ചു.

Top