13 banks move SC to stop Vijay Mallya, but he’s already left India

ന്യൂഡല്‍ഹി: കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യ ഇന്ത്യ വിടുന്നത് തടയണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിയ്ക്കുന്നതിനിടെ മല്യ ഇന്ത്യ വിട്ടു കഴിഞ്ഞതായി സി.ബി.ഐ. 17 ബാങ്കുകളാണ് കോടികളുടെ വായ്പാ കുടിശിക വരുത്തി വച്ച മല്യ ഇന്ത്യ വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. എന്നാല്‍ മല്യ ഇന്ത്യയിലില്ലെന്നും ലണ്ടനിലായിരിയ്ക്കാമെന്നുമാണ് സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നത്.

മല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കണമെന്നും എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 7000 കോടി രൂപയുടെ വായ്പയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. സാമ്പകത്തിക ബാദ്ധ്യത മൂലം അടച്ചുപൂട്ടിയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് അടക്കമുള്ള കമ്പനികളാണ് വായ്പ എടുത്തിരിയ്ക്കുന്നത്.

ബ്രിട്ടീഷ് കമ്പനിയായ ഡിയാഗിയോയുടെ ഇന്ത്യന്‍ ഘടകമായ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിജയ് മല്യ രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് മല്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ബാങ്കുകള്‍ രംഗത്തെത്തിയത്. മല്യയ്ക്ക് ലഭിയ്ക്കുന്ന 515 കോടി രൂപയില്‍ ബാങ്കുകള്‍ അവകാശവാദം ഉന്നയിയ്ക്കുന്നു.

ബാങ്കില്‍ നിന്ന് കടമെടുത്ത 900 കോടി രൂപ വിദേശത്തേയ്ക്ക് കടത്തിയതായുള്ള പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. യുണൈറ്റഡ് സ്പിരിറ്റ്‌സിലെ ഭൂരിഭാഗം ഓഹരികളും നേരത്തെ ഡിയാഗിയോയ്ക്ക് മല്യ കൈമാറിയിരുന്നു. മൂന്ന് വര്‍ഷം മുമ്പ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചു പൂട്ടേണ്ടി വന്ന സമയത്തായിരുന്നു ഇത്.

Top