12ാം ലോകകപ്പ് ക്രിക്കറ്റ്; മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും

12ാം ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കം. കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 3 മുതലാണ് മത്സരം ആരംഭിക്കുക.

ഐ.സി.സി ഏകദിന റാങ്കിംഗിലെ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ലോകകപ്പ് റൗണ്ട് റോബിന്‍ലീഗ് ഫോര്‍മാറ്റിലാണ് അരങ്ങേറുന്നത്. പ്രാഥമിക റൗണ്ടില്‍ ഓരോ ടീമും പരസ്പരം ഒരുതവണ ഏറ്റുമുട്ടും. ഏറ്റുവും കൂടുതല്‍ പോയിന്റ് നേടുന്ന നാല് ടീമുകള്‍ സെമി ഫൈനലില്‍ എത്തും. ജൂലായ് 14ന് ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തോടെ ഒരു മാസക്കാലത്തിലധികം നീണ്ടു നില്‍ക്കുന്ന ഏകദിന ക്രിക്കറ്റ് പൂരത്തിന് വിരാമമാകും.

ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക. അവസാന സന്നാഹ മത്സരത്തില്‍ നേടിയ വലിയ വിജയത്തോടെ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് ടീം ഇന്ത്യ. മികച്ച ഫോം തുടരുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഇന്ത്യക്ക് ഏറെ ആത്മവിശ്വാസം പകരുന്നുണ്ട്. അതേസമയം, ഇന്ത്യന്‍ ഓപ്പണിങ് ബാറ്റസ്മാന്‍ മാര്‍ സന്നാഹ മത്സരത്തില്‍ നിറം മങ്ങിയത് അല്‍പം ആശങ്ക പരത്തുന്നുണ്ട്, എന്നാല്‍, കൊഹ്ലി, ധോണി, രാഹുല്‍, ജഡേജ തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണ്.

ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്,പാകിസ്ഥാന്‍, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്.

Top