qatar airways plans first fully foreign owned airline in india

ന്യഡല്‍ഹി: ഇന്ത്യയില്‍ ആദ്യ പൂര്‍ണ്ണമായും വിദേശ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ പദ്ധതിക്ക് ഒരുങ്ങി ഖത്തര്‍ എയര്‍വെയ്‌സ്.

വ്യോമയാന രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് ചുവടുപിടിച്ചാണ്‌ ഖത്തര്‍ എയര്‍വെയ്‌സ് പദ്ധതിക്കൊരുങ്ങുന്നതെന്ന്‌ സിഇഒ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു.

ഖത്തര്‍ ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റിയുമായി ചേര്‍ന്നാണ് പദ്ധതി തുടങ്ങുന്നത്. ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്നതിന് അനുമതിക്കായിയുള്ള നടപടികള്‍ കമ്പനി ഉടന്‍ തുടങ്ങുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു.

വര്‍ഷങ്ങളായി ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഓഹരി സ്വന്തമാക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ് ശ്രമിക്കുന്നുണ്ടെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍മൂലം ഇതിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂണിലാണ് 100 ശതമാനം വിദേശ നിക്ഷേപം നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനവും ബാക്കി 51 ശതമാനം സര്‍ക്കാര്‍ അനുമതിയോടെയുമാണ് നടത്താനാവുക.

നിലവില്‍ മൂന്ന് വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ എയര്‍ലൈനില്‍ പങ്കാളിത്തമുണ്ട്. ഇത്തിഹാദ് എയര്‍വെയ്‌സ്, എയര്‍ ഏഷ്യ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നീ വിദേശ കമ്പനികള്‍ക്കാണ് വിവിധ ഇന്ത്യന്‍ കമ്പനികളില്‍ ഓഹരികളുള്ളത്

Top