128 ജിബി സ്റ്റോറേജുള്ള ആദ്യ നെക്‌സസ് ഫോണുമായി ഗൂഗിള്‍

ചൈനയിലെ വാവേ കമ്പനി നിര്‍മിക്കുന്ന പുതിയ ഗൂഗിള്‍ നെക്‌സസ് ഫോണില്‍ 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇത്രയും സ്‌റ്റോറേജ് ശേഷിയുള്ള ആദ്യ നെക്‌സസ് ഫോണാകും അത്.

നെക്‌സസ് 6പി ( Nexus 6P ), നെക്‌സസ് 5എക്‌സ് ( Nexus 5X ) എന്നിവയാണ് പുതിയ നെക്‌സസ് ഫോണുകളെന്ന് അഭ്യൂഹം പരക്കുന്നതിനിടെയാണ് ‘ആന്‍ഡ്രോയ്ഡ് പോലീസ്’ എന്ന ടെക് സൈറ്റ് പുതിയ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

സപ്തംബര്‍ 29 ന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഗൂഗിളിന്റെ ചടങ്ങില്‍ പുതിയ നെക്‌സസ് ഫോണുകള്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

ഗൂഗിളിന്റെ ഫോണുകളില്‍ നെക്‌സസ് 6പി ആണ് വാവേ നിര്‍മിക്കുന്നത്. അതിനാണ് 128 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 32 ജിബി, 64 ജിബി എന്നിങ്ങനെ രണ്ട് കുറഞ്ഞ സ്റ്റോറേജ് മോഡലുകളുമുണ്ടാകും നെക്‌സസ് 6പിക്ക്.

കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ അവതരിപ്പിച്ച നെക്‌സസ് 6 ഫോണിന് 32 ജിബി, 64 ജിബി എന്നീ സ്‌റ്റോറേജ് ഓപ്ഷനുകളേ ഉണ്ടായിരുന്നുള്ളൂ. അതില്‍നിന്ന് വ്യത്യസ്തമായാണ് 128 ജിബി സ്റ്റോറേജുള്ള മോഡല്‍ ഇത്തവണ അവതരിപ്പിക്കുന്നത്.

നെക്‌സസ് 5എക്‌സ് ഗൂഗിളിന് വേണ്ടി നിര്‍മിക്കുന്നത് എല്‍ജിയാണ് (നെക്‌സസ് 5 മോഡലും എല്‍ജി തന്നെയാണ് നിര്‍മിച്ചത്). അതിന് കുറഞ്ഞ ഇന്റേണല്‍ സ്‌റ്റോറേജ് ഓപ്ഷനുകളേ ഉണ്ടാകൂ. മിക്കവാറും 32 ജിബി, 64 ജിബി സ്റ്റോറേജുള്ള നെക്‌സസ് 5എക്‌സ് മോഡലുകളാകും ഉണ്ടാവുക.

5.2 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണാകും നെക്‌സസ് 5എക്‌സ് എന്നും, നെക്‌സസ് 6പിയ്ക്ക് 5.7 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പായ ‘ആന്‍ഡ്രോയ്ഡ് മാഷ്മലോ’ ആയിരിക്കും ഈ ഫോണുകളിലെന്നും കരുതപ്പെടുന്നു.

Top