ബാലവേല; ഗുജറാത്തിൽ 125 കുട്ടികളെ മോചിപ്പിച്ചു

രാജസ്ഥാന്‍: ബാലവേല ചെയ്ത 125 കുട്ടികളെ മോചിപ്പിച്ചു. രാജസ്ഥാന്‍-ഗുജറാത്ത് സംസ്ഥാനങ്ങളില്‍ മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കുട്ടികളെ മോചിപ്പിച്ചത്.

ഗുജറാത്തിലെ സൂറത്തില്‍ ഹോസ്റ്റലുകളിലും റസിഡന്‍ഷ്യല്‍ ഏരിയകളിലും നടത്തിയ റെയിഡിലാണ് 10നും 16 നും ഇടയില്‍ പ്രായമുള്ള 125 കുട്ടികളെ മോചിപ്പിച്ചത്. രക്ഷപ്പെടുത്തിയ കുട്ടികളെ ഉദയ്പൂരിലേക്ക് കൊണ്ടുവരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്യാം സിംഗിന്റെ നേതൃത്വത്തില്‍ ശിശുസംരക്ഷണസമിതി, എന്‍ജിഒ അംഗങ്ങളാണ് റെയ്ഡ് നടത്തിയത്. രാജസ്ഥാനില്‍ നിന്ന് ടെക്‌സ്‌റ്റൈല്‍ മേഖലകളിലെ ജോലിക്കും ഹോട്ടലുകളിലെയും വീടുകളിലെയും ജോലിക്കുമായിട്ടാണ് രാജസ്ഥാനില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.

കുട്ടികളെ മനുഷ്യക്കടത്തിന് ഇരയാക്കിയതിന്റെ പേരില്‍ 12 പേരെ അറസ്റ്റ് ചെയ്തു. സംഘത്തിന്റെ തലവന്‍ ഒളിവിലാണ്. 138 കുട്ടികളെ രക്ഷപ്പെടുത്തിയതില്‍ 128 പേരും രാജസ്ഥാനില്‍ നിന്നുള്ളവരാണ്. ബാക്കിയുളള കുഞ്ഞുങ്ങള്‍ ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ ഉടമസ്ഥതയിലുള്ള ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന എന്‍ജിഒയിലെ അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

Top