125 അടി നീളത്തില്‍ തുരങ്കമുണ്ടാക്കി ബാങ്ക് കൊള്ളയടിച്ചു : കോടികളുടെ നഷ്ടം

റോഹ്തക്: ഹരിയാനയില്‍ 125 അടി നീളത്തില്‍ തുരങ്കമുണ്ടാക്കി പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖ കൊള്ളയടിച്ചു. ഗൊഹാന ടൗണ്‍ഷിപ്പിലെ ബാങ്കിന്റെ സ്‌ട്രോങ് റൂമില്‍ നിന്ന് 77 ലോക്കറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ആഭരണങ്ങളും പണവുമടക്കം കോടികളുടെ നഷ്ടം.

പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ബാങ്കിലേക്ക് അടുത്തുള്ള പഴയ കെട്ടിടത്തില്‍ നിന്നാണു രണ്ടര അടി വീതിയും ഉയരവുമുള്ള തുരങ്കം നിര്‍മിച്ചത്. സ്‌ട്രോങ് റൂമില്‍ അവസാനിക്കുന്ന തുരങ്കത്തിന്റെ നിര്‍മാണം പുറത്തറിയാതിരിക്കാന്‍ കെട്ടിടത്തിന്റെ ജനാലകള്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് മറച്ചിരുന്നു.

സ്‌ട്രോംഗ് റൂമില്‍ നിരീക്ഷണക്യാമറകള്‍ ഇല്ലാതിരുന്നതും മോഷ്ടാക്കള്‍ക്ക് സഹായകമായി. 350 ലോക്കറുകളാണിവിടെയുണ്ടായിരുന്നത്. ഇതില്‍ 77 ഉം മോഷ്ടാക്കള്‍ തുറന്നു. സ്‌ട്രോങ്‌റൂമിന്റെ തറയില്‍ സാധാരണ വീടുകളുടേതുപോലെ മണ്ണു നിറച്ച് ഇതിനു മുകളിലാണ് സിമന്റ് തേച്ചിരുന്നത്. ഇതു മോഷ്ടാക്കള്‍ക്കു സഹായകമായെന്നു പൊലീസ്.

റിസര്‍വ് ബാങ്ക് മാനദണ്ഡ പ്രകാരം സ്‌ട്രോങ് റൂമിന്റെ തറ കുറഞ്ഞത് ഒമ്പതിഞ്ചു കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്തതായിരിക്കണം.
മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ബാങ്ക് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

Top